പാലക്കാട്: തെങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷയിൽ സംതൃപ്തയല്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവർക്ക് വധശിക്ഷ നൽകണമെന്നും ഇതിനായി അപ്പീൽ പോകുമെന്നും അനീഷിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശിക്ഷ കഴിഞ്ഞ് പ്രതികൾ പുറത്തിറങ്ങിയാൽ തന്നെയും അനീഷിന്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഹരിത കൂട്ടിച്ചേർത്തു.
‘ഇവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും എന്റെ വീട്ടുകാരെയും കൊല്ലും. തെറ്റ് ചെയ്തിട്ടും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അവർ പോകുന്നത്. അവർക്ക് തെറ്റ് ചെയ്തതിന്റെ ഒരു കുറ്റബോധവുമില്ല. അവരൊക്കെ ക്രിമിനിൽ കേസിൽ പ്രതികളാണ്, ഒട്ടേറെ കേസുകളിൽ അകത്ത് കിടന്നവരാണ്. വിധിയിൽ തൃപ്തരല്ല, ഞങ്ങൾ സർക്കാർ അപ്പീലിന് പോകും. അവർ പുറത്തിറങ്ങിയാൽ എന്നെയും അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും’- ഹരിത പറഞ്ഞു.
നാടിനെ നടുക്കിയ തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതരജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88ാം ദിവസം അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സുരേഷാണ് ഒന്നാംപ്രതി. പ്രഭുകുമാർ രണ്ടാം പ്രതിയും. 2020 ഡിസംബർ 25ന് വൈകിട്ടാണ് സംഭവം. സാമ്പത്തികമായി ഉയർന്ന ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതാണ് കൊലയ്ക്ക് കാരണം. പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. വിവാഹശേഷം ഹരിതയുടെ ബന്ധുക്കൾ പല തവണ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.
Source link