ആ ബ്ളഡല്ലേ? ആരോടാണെങ്കിലും അയാൾ പറയും; മാജിക്കൽ സൂപ്പർ താരത്തെ കുറിച്ച് സായികുമാർ
ജീവിതത്തിൽ സ്വാധീനിച്ച രണ്ട് നടന്മാരാണ് സുകുമാരനും സോമനുമെന്ന് സായികുമാർ. ഇതിൽ സുകുമാരന്റേത് അനാവശ്യമായി പണം ചെലവാക്കരുത് എന്ന നിലപാടായിരുന്നുവെന്നും സായികുമാർ പറയുന്നു. സുകുവേട്ടന്റെ പംക്‌ച്വാലിറ്റിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന രീതിയും ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മറ്റൊരാളോടുള്ള പിണക്കം കൊണ്ടോ ദേഷ്യം കൊണ്ടോ അല്ല. അവിടെ അത് തുറന്ന് പറഞ്ഞെങ്കിൽ മാത്രമേ കാര്യമുള്ളൂവെന്ന് അദ്ദേഹത്തിനറിയാം. ആരോടും ഇടിച്ചു കയറി സംസാരിക്കാൻ ഇഷ്‌ടമില്ലാത്ത ആളാണ് സുകുമാരനെന്നും സായികുമാർ വ്യക്തമാക്കി.
”സുകുവേട്ടന് ഒരു ടെറിട്ടറിയുണ്ട്. അവിടത്തെ സിംഹമാകാനാണ് സുകുവേട്ടന് ഇഷ്‌ടം. ഒരുപാട് ആൾക്കാരുടെ ഇടയിൽ പോയി ഗർജിച്ചിട്ട് കാര്യമില്ല. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായി ബോധമുള്ള ആളാണ് സുകുമാരൻ ചേട്ടൻ. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
എപ്പോഴും അദ്ദേഹം പറയാറുണ്ട്, എല്ലാക്കാലത്തും സിനിമയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഉണ്ടാക്കാൻ കഴിയുന്ന സമയത്ത് ഉണ്ടാക്ക് എന്ന്. ശരിയാണ് അതൊക്കെ ഒരു പാഠമാണ്. എപ്പോഴും നമുക്ക് ആരോഗ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. കിട്ടുന്നത് അനാവശ്യമായി ചെലവാക്കരുത് എന്നതായിരുന്നു സുകുവേട്ടന്റെ കാഴ്‌ചപ്പാട്. അദ്ദേഹത്തിന്റെ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ചെറുപ്പം മുതലേ അറിയാവുന്നതാണ്. അതിൽ നിന്നും ഇപ്പോഴത്തെ രാജുവിനെ കാണുമ്പോൾ തോന്നാറുള്ളത് സ്നേഹം കൊണ്ടുള്ള കൗതുകമാണ്.
നീ അത് എടുക്കണ്ട…ഇങ്ങോട്ട് മാറിനിൽക്ക് എന്ന് സുകുവേട്ടൻ പറയുമ്പോൾ മാറിനിന്നിട്ടുള്ള ആൾ; അങ്ങനെ അല്ല ചേട്ടാ ഇങ്ങനെ ചെയ്യണേ (സായികുമാറിനോട്) എന്ന് പറയുമ്പോഴുള്ള കൗതുകം വളരെ വലുതാണ്. പൃഥ്വിരാജ് എന്ന നടനേയും സംവിധായകനേയും വച്ച് നോക്കുകയാണെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നത് സംവിധായകനേയാണ്. അതൊരു മാജിക്കൽ എലമെന്റാണ്. രാജുവിന്റെ കൂടെ അഭിനയിക്കാൻ ഭയങ്കര സുഖമാണ്. ഡയറക്‌ട് ചെയ്യുമ്പോൾ പറഞ്ഞുതരുന്നതിൽ ഒരു സംശയവും ഉണ്ടാകില്ല. മോനെ ഇങ്ങനെയല്ലേ ചെയ്യേണ്ടത് എന്ന് ചോദിക്കേണ്ട ഒരവസരവും തരില്ല. വേണ്ടത് കൃത്യമായി പറയുന്ന ആളാണ്, ആരോടാണെങ്കിലും. സുകുവേട്ടന്റെ മകനല്ലേ, ആ ബ്ളഡ് അല്ലേ…അതുണ്ടാകും”.
Source link