റോഡിൽ അബുവിന്റെ സൗജന്യ ട്രാഫിക് ഡ്യൂട്ടി

മാങ്കാവ് ജംഗ്ഷനിൽ കുട്ടികളെ കൈപിടിച്ച് റോഡ് കടത്തുന്ന ട്രാഫിക് അബു
കോഴിക്കോട്: രാവിലെ എട്ടിന് 64കാരനായ കോമ്മേരി സ്വദേശി അബൂബക്കർ മീഞ്ചന്ത ദേശീയപാതയിലെ മാങ്കാവ് ജംഗ്ഷനിലെത്തും. ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെയടക്കം കൈപിടിച്ച് റോഡ് മുറിച്ച് കടത്തും. അത്യാവശ്യം ട്രാഫിക് നിയന്ത്രിക്കും. രാവിലെ 11ന് ‘ഡ്യൂട്ടി’ അവസാനിപ്പിച്ച് വൈകിട്ട് മൂന്നിന് വീണ്ടുമെത്തും. ആറുവരെ ഇതേ ഡ്യൂട്ടി തുടരും. ഇവിടെ അബൂബക്കറിനെ ആരും നിയോഗിച്ചതല്ല, സ്വമേധയാ ഏറ്റെടുത്ത ജോലി. അതുകൊണ്ടുതന്നെ പ്രതിഫലവുമില്ല. നാട്ടുകാർ ഒരു ഓമനപേരിട്ടു- ട്രാഫിക് അബു.
20 വർഷമായി തിരക്കേറിയ ഈ ജംഗ്ഷനിൽ സൗജന്യം സേവനം തുടങ്ങിയിട്ട്. കുട്ടികളെ സുരക്ഷിതമായി റോഡ് മുറിച്ചുകടത്തുന്നതിനാൽ സ്കൂൾ പി.ടി.എ ചെറിയൊരു തുക നൽകും. മറ്റു ചിലരും സഹായിക്കും. അതാണ് ഏക വരുമാനം. സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഓഫീസിൽ വിളിച്ച് ഉപഹാരം നൽകിയിരുന്നു. മുമ്പ് ഇവിടെ ഡ്യൂട്ടി ചെയ്തുപോയ ഒരു പൊലീസുകാരൻ നൽകിയ കാക്കി പാന്റ്സും കറുത്ത ഷൂസും ധരിച്ചാണ് ഡ്യൂട്ടി.
താമസം വാടകവീട്ടിൽ
മുപ്പത് വർഷത്തോളം ബസ് ഡ്രൈവറായിരുന്നു അബൂബക്കർ. അതിനിടെ ഒരു ദിവസം ബസിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ഒരുവർഷം കിടപ്പിലായി. അതോടെ ലോണെടുത്തുവച്ച വീടിന്റെ വായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്ക് ജപ്തി ചെയ്തു. ഇപ്പോൾ വാടകവീട്ടിൽ ഭാര്യ സീനത്തുമൊത്ത് താമസം. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചു. സ്വന്തമായൊരു വീട് വേണമെന്നാണ് ആഗ്രഹം.
”കൊച്ചുകുട്ടികളടക്കമാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. അവരെ സഹായിക്കുന്നു, അത്രമാത്രം
-അബൂബക്കർ
Source link