ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എന്തുപറ്റി? ആരും പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കുന്ന സൂചനയെന്ത്?

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദാരുണമായി തോറ്റതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതെന്തുപറ്റി എന്ന ചിന്തയിലാണ് ആരാധകര്‍. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര പോലും തോല്‍ക്കാത്ത ടീമാണ് കിവീസിനോട് തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകളില്‍ തോറ്റമ്പിയത്.ചരിത്രത്തിലാദ്യമായി കിവികള്‍ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

രണ്ടാഴ്ചമുമ്പ് ഇത്തരമൊരു പതനം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഭയപ്പെടുകയോ കിവീസ് ആരാധകര്‍ സ്വപ്നം കാണുകയോ ചെയ്തിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയോടും ശ്രീലങ്കയില്‍ ചെന്ന് അവരോടും രണ്ട് ടെസ്റ്റുകള്‍ തോറ്റശേഷമാണ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലേക്ക് വന്നത്. അതും പരിക്കേറ്റ ഏറ്റവും പരിചയ സമ്പന്നനായ കേന്‍ വില്യംസണിനെക്കൂടാതെ. ശ്രീലങ്കയിലെ തോല്‍വിക്ക് ശേഷം നായകസ്ഥാനത്തുനിന്ന് ടിം സൗത്തീ സ്വയം ഒഴിയുകകൂടി ചെയ്തപ്പോള്‍ ടോം ലതാമെന്ന പുതിയ നായകനെ അവര്‍ക്ക് ആശ്രയിക്കേണ്ടിയും വന്നു.

മറുവശത്ത് സര്‍വാധികാര പ്രതാപികളായാണ് ഇന്ത്യന്‍ ഈ പരമ്പരയ്ക്ക് എത്തിയത്. ട്വന്റി-20 ലോകകപ്പ് നേടിയതിന്റെ ആവേശവും പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഗാംഭീര്യവും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനൊരു മേല്‍ക്കോയ്മ നല്‍കി. ഇതിന് തൊട്ടുമുമ്പ് ബംഗ്‌ളാദേശിനെതിരായ പരമ്പരയില്‍ മഴ കാരണം രണ്ട് ദിവസം നഷ്ടമായശേഷവും കളി ജയിച്ച രീതിയും ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ പ്രാപ്തരാണെന്ന ഇമേജ് നല്‍കി.

എന്നാല്‍ ഈ ഇമേജുകളെല്ലാം വെറുതെയാണെന്ന് ആദ്യം ബെംഗളുരുവിലും തുടര്‍ന്ന് പൂനെയിലും നടന്ന മത്സരങ്ങളില്‍ നിന്ന് മനസിലായി. ഏത് സാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര ബെംഗളുരുവില്‍ ആദ്യ ഇന്നിംഗ്‌സില്‍ ആള്‍ഔട്ടായത് വെറും 46 റണ്‍സിനാണ്. രണ്ടാം ഇന്നിംഗ്‌സില്‍ സടകുടഞ്ഞ് എണീറ്റപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു. ബെംഗളുരുവില്‍ കിവീസ് പേസര്‍മാരുടെ മുന്നിലാണ് ചിതറിവീണത്. അതുകൊണ്ട് പൂനെയില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് വേണ്ടി മാത്രമുള്ള പിച്ചൊരുക്കി. പക്ഷേ കിവികള്‍ക്ക് വേണ്ടി വിരിച്ച ആ വലയില്‍ ഇന്ത്യതന്നെ വീണു. ആദ്യ ഇന്നിംഗ്‌സില്‍ 156 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സിനും ആള്‍ഔട്ടായി.

സത്യത്തില്‍ ബംഗ്‌ളാദേശിനെതിരായ പരമ്പരയില്‍തന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ന്യൂനതകള്‍ വെളിപ്പെട്ടിരുന്നതാണ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 144/6 എന്ന നിലയില്‍ പതറിയപ്പോള്‍ അശ്വിനും (113),ജഡേജയും (86) ചെറുത്തുനിന്നില്ലായിരുന്നെങ്കില്‍ ആ കളിയുടെ വിധി മാറിയേനെ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിംഗിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മുന്‍നിരയ്ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മദ്ധ്യനിര , അവര്‍ക്കും കഴിയുന്നില്ലെങ്കില്‍ വാലറ്റം എന്നിങ്ങനെ വീണുപോകാതെ കാക്കുവാന്‍ ആളുണ്ടായിരുന്നു. അത്തരമൊരു താങ്ങ് കിവീസിനെതിരായ ഈ പരമ്പരയില്‍ ദൃശ്യമായില്ല എന്നതുതന്നെയാണ് ഗംഭീറിന്റെ കാലത്തേക്ക് ടീം എത്തുമ്പോഴുള്ള വ്യത്യാസവും.

പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ബാറ്റ് ചെയ്യാന്‍ തഴക്കവും വഴക്കവുമുള്ള ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുടെ അഭാവമാണ് ഇന്ത്യയ്ക്ക് ഇപ്പോടുള്ളത്. രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും പോലുള്ള ടെസ്റ്റ് ബാറ്റര്‍മാര്‍ ആരും രോഹിനൊപ്പമില്ല. രോഹിതും വിരാടും ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിന് വേണ്ടിയുള്ള ഒരു ശൈലിയിലേക്ക് ബാറ്റിംഗിനെ മാറ്റിയിട്ടുമില്ല.ഈ സാഹചര്യത്തിലാണ് പുജാരയുടെയും രഹാനെയുടെയും വില സെലക്ടര്‍മാര്‍ മനസിലാക്കേണ്ടത്.സ്പിന്‍ ബൗളിംഗിനെ ഇത്രമാത്രം തുണയ്ക്കുന്ന ഒരു പിച്ചില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നറിയാതെ യുവ താരങ്ങള്‍ കുഴങ്ങുന്ന സമയത്ത് പുജാരയേയും രഹാനേയേയും രഞ്ജി കളിക്കാനാണ് സെലക്ടര്‍മാര്‍ നിയോഗിച്ചിരിക്കുന്നത്. അതുതന്നെയാണ് ഇത്തരം ബാറ്റിംഗ് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കിയതും.


ഇനിയാണ് വെല്ലുവിളി


1. കിവീസിന് എതിരായ പരമ്പര ഇന്ത്യ കൈവിട്ടുകഴിഞ്ഞു. പക്ഷേ ഇനിയാണ് ശരിക്കുമുള്ള വെല്ലുവിളി ഇന്ത്യ നേരിടാനിരിക്കുന്നത്.


2. ഈ മാസം ഇന്ത്യന്‍ ടെസ്റ്റ് ടീം അഞ്ചു മത്സരപരമ്പരയ്ക്കായി ഓസ്‌ട്രേലിയയ്ക്ക് പുറപ്പെടുന്നുണ്ട്. ഈ പരമ്പര നേടാനായില്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുക ബുദ്ധിമുട്ടാകും.


3. ഏറെക്കുറേ ഇതേ ടീമിനെത്തന്നെ നിലനിറുത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും പോകുന്നത്. ഇന്ത്യയിലെ ദുഷ്‌കരമായ സ്പിന്‍ പിച്ചുകളിലേക്കാള്‍ വലിയ വെല്ലുവിളിയാണ് ഓസ്‌ട്രേലിയയിലെ പേസ് പിച്ചുകളിലുള്ളത്.


4. അതിനെ നേരിടാന്‍ യുവതാരങ്ങള്‍ക്കും അവര്‍ക്ക് മാതൃകയാകാന്‍ വിരാടും രോഹിതുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ വലിയൊരു ദുരന്തമാകും ഇന്ത്യയെ കാത്തിരിക്കുന്നത്.


5. വിദേശപിച്ചുകളില്‍ ചെറുത്തുനിന്ന് പരിചയമുള്ള പുജാരയേയും രഹാനെയേയും സെലക്ടര്‍മാര്‍ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രഞ്ജി ട്രോഫിയില്‍ ഉള്‍പ്പടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാവാത്തതാണ് സ്പിന്‍ ബൗളിംഗിനെ നേരിടുന്നതിലെ പരാജയത്തിന് കാരണം.

– ദുലീപ് വെംഗ്‌സാര്‍ക്കര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍, സെലക്ടര്‍


കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ തുടക്കകാലമാണിത്. ഇത്രയും ദുഷ്‌കരമായ സ്ഥിതിയില്‍ നിന്ന് ടീമിനെ കരകയറ്റുക

ഗംഭീറിന് വലിയ വെല്ലുവിളിയാണ്. ഇപ്പോഴേ കുറ്റപ്പെടുത്തേണ്ടതില്ല.

– രവി ശാസ്ത്രി, മുന്‍ ക്രിക്കറ്റര്‍, മുന്‍ കോച്ച്,കമന്റേറ്റര്‍


ചേതേശ്വര്‍ പുജാര ഇതുപോലുള്ള സാഹചര്യങ്ങളെ നേരിട്ടതുപോലെ ചെയ്യാന്‍ ശേഷിയുള്ള ഒരൊറ്റ കളിക്കാരന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ല. അഗ്രസീവായി കളിക്കുന്നത് നല്ലതുതന്നെ പക്ഷേ ടെസ്റ്റില്‍ ക്ഷമയോടെ കളിക്കുകയാണ് വേണ്ടത്.

– സഞ്ജയ് മഞ്രേക്കര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍, കമന്റേറ്റര്‍


Source link
Exit mobile version