എഴുത്ത് അവനവനോട് ചെയ്യുന്ന സമരം: അശോകൻ ചരുവിൽ

തിരുവനന്തപുരം: ഒരാൾ നിരന്തരം അവനവനോട് ചെയ്യുന്ന സമരമാണ് എഴുത്തെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 48-ാമത് വയലാർ പുരസ്കാരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട അടിയന്തരാവസ്ഥാ കാലത്താണ് എഴുതിത്തുടങ്ങിയത്. ഇടതുപക്ഷ ചിന്താഗതി പുലർത്തുന്നതു കൊണ്ട് പണ്ഡിതന്മാർ എന്നെ വിമർശിക്കാറുണ്ട്. എഴുത്തുകാരൻ നിഷ്പക്ഷനായിരിക്കണമെന്ന് കരുതുന്നില്ല. നിഷ്പക്ഷരുടെ ഇടയിൽ സർവാദരണീയനാവുന്നത് നല്ല കാര്യമാണെന്നും തോന്നുന്നില്ല. ജനാധിപത്യവ്യവസ്ഥ നിലനിറുത്തേണ്ട ഉത്തരവാദിത്വം എഴുത്തുകാരനാണ്. എഴുത്തിനെ ഒരു സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ആയുധമാക്കുന്നതിനോട് യോജിപ്പില്ല.
പുരസ്കാരങ്ങൾ നേടാനും പുസ്തകം വിറ്റഴിക്കാനുമുള്ള സമ്മർദ്ദത്തിലാണ് ഇന്നത്തെ എഴുത്തുകാർ. അതിനായി പ്രോമോഷനുകൾ നടത്താൻ അവർ നിർബന്ധിക്കപ്പെടുന്നു.രാഷ്ട്രീയഭിന്നതകളുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ എന്നെ വിമർശിക്കുന്നവരുടെ പ്രശ്നം ജാതിയെയും സാമൂഹ്യനീതിയെയും കുറിച്ചുള്ള എന്റെ നിലപാടുകളാണ്. പുരസ്കാരം ലഭിച്ച കൃതി ഏറ്റവും മികച്ചതെന്നു കരുതേണ്ടതില്ല. നോബൽ സമ്മാനം ലഭിക്കാതെ പോയ കൃതികളും എഴുത്തുകാരും ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കവിയും ട്രസ്റ്റ് അംഗവുമായ പ്രഭാവർമ്മ പ്രശസ്തിപത്രം വായിച്ചു. സാഹിത്യകാരൻ ബെന്യാമിൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജി.ബാലചന്ദ്രൻ, സെക്രട്ടറി ബി.സതീശൻ,ഡോ.വി.രാമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ശാരീരിക അവശതയുള്ളതിനാൽ വീൽചെയറിലാണ് പെരുമ്പടവം ശ്രീധരൻ ചടങ്ങിനെത്തിയത്. വയലാർ അവാർഡിന്റെ സംശുദ്ധി നിലനിറുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Source link