മാലിന്യത്തിൽ നിന്ന് വളമുണ്ടാക്കാം, പക്ഷേ ആ മാലിന്യം എൻഡോസൾഫാനാണെങ്കിലോ; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഡോ. പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി അംഗമായിരുന്ന വീണ, ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്റെ പ്രവർത്തനങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ സഹപ്രവർത്തകരുമായി ചേർന്ന് പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നാണ് വീണ പറയുന്നത്. പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിന് പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കി എന്നും വീണ കുറിച്ചു.
ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ 25പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടാക്കി. സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്‌ടിക്കുകയാണ് സരിൻ. കെപിസിസിക്ക് കൊടുത്ത പരാതി ഒരു ചാനലിന് ലഭിച്ചു. മനസാ വാചാ അറിയാത്ത സംഭവത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയെന്നും വീണ കുറിച്ചു.
2024 ജനുവരി മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെടുകയായിരുന്നു. ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നിരപരാധിത്വം തെളിയിക്കണമെന്നും കഴിഞ്ഞ 10 മാസമായി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ലെന്നും വീണയുടെ കുറിപ്പിൽ പറയുന്നുണ്ട്.
25 പേരടങ്ങുന്ന സംഘത്തെ പോലും ഒരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതപിക്കുന്നുവെന്നും വീണ കുറിച്ചു.
“മാലിന്യത്തിൽ നിന്ന് വളം നിർമിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ! കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ”, എന്ന് പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിന് എഴുതിയ തുറന്ന കത്ത് വീണ അവസാനിപ്പിച്ചത്.
Source link