“കല്ലിൽ പായലുണ്ടാകും, അത് കല്ലിന്റെ കുഴപ്പമല്ല, അത് കിടക്കുന്ന വെള്ളത്തിന്റെ കുഴപ്പമാണ്”; സരിനെപ്പറ്റി റഹീം
തിരുവനന്തപുരം: ശരി പറഞ്ഞ ഡോ. പി സരിനെ നമ്മൾ സ്വീകരിക്കണമെന്ന് രാജ്യസഭാ എം പിയും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീം. സരിന്റേത് ജനാധിപത്യത്തിന്റെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് റഹീം രംഗത്തെത്തിയത്.
സരിൻ ഇന്നലെകളിൽ കോൺഗ്രസുകാരനായി നിന്നാണ് പലതും പറഞ്ഞത്. ഒരു കോൺഗ്രസുകാരന് അങ്ങനെയേ സംസാരിക്കാനാകുകയുള്ളൂ. അത് കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരമാണ്. ആ സംസ്‌കാരം വിട്ട് അയാൾ പുറത്തേക്ക് വരികയാണ്. വെള്ളത്തിൽ കിടക്കുന്ന കല്ല് പോലെയാണ്. കല്ലിൽ പായലുണ്ടാകും. അത് കല്ലിന്റെ കുഴപ്പമല്ല. കല്ല് കിടക്കുന്ന വെള്ളത്തിന്റെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഡോ. പി സരിന് ഇടതുപക്ഷത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. എന്തുകൊണ്ട് സരിൻ സ്വാഗതം ചെയ്യപ്പെടണം? സരിൻ ഉയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ട്. എന്തുകൊണ്ട് വടകരയിൽ കെ മുരളീധരനെ മാറ്റി പാലക്കാട് എം എൽ എയെ അങ്ങോട്ട് പറഞ്ഞുവിട്ടു? പാലക്കാട് പോലെ ഹൈലി സെൻസിറ്റീവായ മണ്ഡലത്തിൽ എന്തുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തി? ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നു. അത് പ്രസക്തമാണ്. ഡി വൈ എഫ് ഐയും ഇടതുപക്ഷവും ഉയർത്തിയ അതേ ചോദ്യം. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വന്നല്ലോ എന്ന് അതിന് ഉത്തരം പറയാനാകില്ല. ചേലക്കരയിലാകട്ടെ, കൊല്ലത്താകട്ടെ, ആറ്റിങ്ങലിൽ മത്സരിച്ച വർക്കല എം എൽ എ സഖാവ് വി ജോയ് ആകട്ടെ, ശൈലജ ടീച്ചറുടെ മട്ടന്നൂർ മണ്ഡലമാകട്ടെ, ഉപതിരഞ്ഞെടുപ്പ് വന്നാൽ ബി ജെ പിക്ക് ഒരു പ്രതീക്ഷയും വയ്ക്കാൻ കഴിയാത്ത മണ്ഡലങ്ങളാണ്. എന്നാൽ ബി ജെ പിക്ക് പേരിന് പ്രതീക്ഷവയ്ക്കാൻ കഴിയുന്ന ഒരു മണ്ഡലത്തിൽ എന്തിന് ഒഴിവാക്കാമായിരുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് ക്ഷണിച്ചുവരുത്തി. ഈ വിയോജിപ്പാണ് സരിൻ പ്രധാനമായും ഉന്നയിക്കുന്നത്.
Source link