കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവെെഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. റിബേഷിനെതിരായ അന്വേഷണത്തിന് തോടന്നൂർ എഇഒയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ പുതിയ റിപ്പോർട്ട് നൽകുമെന്ന് എഇഒ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു, അദ്ധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചുവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരിക്കുന്ന പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫാണ് പരാതി നൽകിയത്. ഇടത് അദ്ധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുണ്ടായിരുന്നത്. വ്യാജ സ്ക്രീൻ ഷോട്ട് അയച്ച സിപിഎം പക്ഷമെന്ന് പ്രചരിപ്പിക്കുന്ന ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ്. ഇയാളുടെ പോസ്റ്റാണ് മുൻ എംഎൽഎ കെ. കെ ലതിക പങ്കുവച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ തയ്യാറായില്ല. ഇത് വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും പരാതി നൽകിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. അന്വേഷണത്തിൽ മുഹമ്മദ് കാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Source link