ചെലവ് 150 കോടി, ഒരുങ്ങുന്നത് പത്തനംതിട്ടയുടെ സ്വപ്നപദ്ധതി; ശബരിമലയിൽ റോപ് വേ ഉടൻ സാദ്ധ്യമാകും
പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റിൽ ഭൂമി കണ്ടെത്തിയതോടെ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. ഇനി ഭൂമി അളന്ന് തിട്ടപ്പെടുത്തിയശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വനംവകുപ്പിന് കൈമാറാൻ സർക്കാർ ഉത്തരവിറക്കണം. ഇതിനുശേഷം കേന്ദ്ര അനുമതി നേടണം. കേന്ദ്രത്തിന്റെ കൂടി അനുമതി ലഭിച്ചെങ്കിൽ മാത്രമെ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമലയിൽ റോപ് വേ നിർമ്മാണം ആരംഭിക്കാൻ കഴിയു.
2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും 2019ലാണ് ആദ്യ സർവേ നടന്നത്. 2023 മേയിൽ സർവേ പൂർത്തിയായെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. തുടർന്ന് അലൈമെന്റിൽ മാറ്റംവരുത്തി ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സർവെ നടത്തി സ്‌കെച്ചും പ്ലാനും തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. ഇവർ വനംവകുപ്പ് നൽകിയ റിപ്പോർട്ടിൽ 17 മരങ്ങൾ ഭാഗികമായും 70 മരങ്ങൾ പൂർണമായും മുറക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ നിർമ്മിക്കുന്നത്.
1.പമ്പാ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ കടന്ന് സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്തായി എത്തുന്ന രീതിയിലാണ് റോപ് വേ നിർമ്മിക്കുന്നത്.
2. പമ്പ ഹിൽടോപ്പിലും സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്തും സ്റ്റേഷനുകളും വെയർ ഹൗസുകളും നിർമ്മിക്കും. നീലിമല, ചരൽമേട്, മരക്കൂട്ടം എന്നിവിടങ്ങളിൽ ശരണപാതയോട് ചേർന്നും ഒരു ടവർ മരക്കൂട്ടത്തിനും മാളികപ്പുറം പൊലീസ് ബാരക്കിനും ഇടയിലുള്ള വനത്തിലുമായി സ്ഥാപിക്കും.
3.കേബിളുകൾ 2.7 കിലോമീറ്റർ നീളത്തിൽ 40 മുതൽ 70 മീറ്റർ ഉയരത്തിലാണ് കടന്നു പോകുന്നത്.
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലും കഞ്ഞിക്കുഴിയിലും കണ്ടെത്തിയ പകരം ഭൂമി പലവിധ തടസവാദങ്ങളിൽപ്പെട്ടതോടെയാണ് കൊല്ലം ജില്ലയിലെ കട്ടിളപ്പാറയിൽ ഭൂമി കണ്ടെത്തിയത്.
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മഴക്കാലവും തീർത്ഥാടന കാലവും ഒഴികെയുള്ള 24 മാസംകൊണ്ട് പരിസ്ഥിതി സൗഹൃദമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയും.
കരാർ കമ്പനി അധികൃതർ
പദ്ധതി ചെലവ് : 150 കോടി
Source link