അങ്കമാലി : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്ന് പൊലീസ് പിടികൂടി.വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജ് (22)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 20നാണ് അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ പെൺകുട്ടിയെയും കൊണ്ട് ബസിൽ ബംഗലുരുവിൽ എത്തിയതായും അവിടെ നിന്ന് വിമാനത്തിൽ കൊൽക്കത്തയിലേക്ക് കടന്നതായും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് കുമാർ എന്നിവർ തൊട്ട് പിന്നാലെ കൊൽക്കത്തയിലേക്കും ബംഗ്ലാദേശ് അതിർത്തി ഉൾഗ്രാമമായ ജാലങ്കിയിലുമെത്തി. പെൺകുട്ടിയെ അവിടെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ജാലങ്കി പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് അവിടെ നിന്ന് രണ്ട് പേരെയും കൊൽക്കത്തയിലേക്കും ശേഷം കേരളത്തിലേക്കുമെത്തിച്ചു.
Source link