നല്ല സിനിമയിൽ ഉണ്ടാകും

സിനിമയുടെ അഭിനയ വഴിയിൽ ആദ്യമായി എത്തിയതിന്റെ ആഹ്ളാദത്തിൽ നർത്തകി മേതിൽ ദേവിക.വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച കഥ ഇന്നുവരെ സിനിമയിൽ ഇരുത്തം വന്ന നായികയായി മേതിൽ ദേവിക പ്രേക്ഷകർക്ക് മുൻപിൽ എത്തി .പുതിയ യാത്രയുടെ വിശേഷങ്ങൾ മേതിൽ ദേവിക പങ്കുവയ്ക്കുന്നു.
നൃത്തം പോലെ സിനിമയെ ചേർത്തുപിടിക്കുമോ ?
അത് പറയാൻ കഴിയില്ല. എന്നെ സംബന്ധിച്ച് സിനിമയും നൃത്തവും ഒരു കലയുടെ കീഴിൽ വരുന്നതാണ്. എന്റെ നൃത്തത്തെ, നൃത്തത്തിന്റെ ഫിലിമിലേക്ക് ഞാൻ മാറ്റിയെടുക്കുന്നു. അവസാനം എന്റെ നൃത്തം അടക്കം സിനിമയായി മാറുകയാണ്. ഇപ്പോൾ ഡിജിറ്റൽ ഹ്യൂമാനിറ്റീസിന്റെ കാലമാണ്. അതിന്റെ സാധ്യതകൾ പഠിക്കുന്ന സമയത്ത് തീർച്ചയായിട്ടും മേഖലകൾ തമ്മിൽ ഒന്നിക്കും.പിന്നെ എനിക്ക് സാഹചര്യവും സൗകര്യവും നോക്കണം. മുൻപത്തെ പോലെയല്ല, ഇപ്പോൾ പലരും പാർട്ട് ടൈമായി സിനിമ ചെയ്ത് പോകാറുണ്ട്. ഡോക്ടർമാർ ഇടയ്ക്ക് വന്ന് സിനിമ ചെയ്ത് പോകാറുണ്ട്. സിനിമ ചെയ്യുമ്പോൾ തന്നെ ഉപരിപഠനം നടത്തുന്ന എത്രയോ കുട്ടികളുണ്ട്. നമ്മൾ സിനിമയിൽ വന്നെന്ന് കരുതി ജീവിതകാലം മുഴുവൻ സിനിമയിൽ നിൽക്കണം എന്നൊന്നുമില്ല. നല്ല സിനിമ വന്നാൽ നിഷേധിക്കുകയുമില്ല.
ക്യാമറയുടെ മുന്നിൽ നിന്നപ്പോൾ എന്താണ് അനുഭവപ്പെട്ടത് ?
ഞാൻ ആദ്യമായല്ല ക്യാമറയുടെ മുന്നിൽ. നാല് ഡാൻസ് ഫിലിമുകൾ സംവിധാനം ചെയ്ത വ്യക്തിയല്ലേ ഞാൻ. നമ്മുടെ മേഖല വേറെയായത് കൊണ്ട് ഇതൊന്നും ആരും അറിയുന്നില്ല. ഓസ്കാറിന് പോയ പ്രോജക്ടിന്റെ സഹ സംവിധായിക ഞാനായിരുന്നു. പിന്നെ അഹല്യ എന്ന ഡാൻസ് ഫിലിം ചെയ്തു. ശ്രവണ പരിമിതിനേരിടുന്നവർക്കുള്ള ഷോർട്ട് ഡോക്യുമെന്ററി മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ഈ സിനിമ കാരണം ആദ്യമായി അവിടെ ഡിസെബിളിറ്റി വിഭാഗം തുടങ്ങി.എന്നാലും സിനിമയെന്ന് പറയുന്നത് വലിയൊരു ക്യാൻവാസാണ്. മറ്റൊരു തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ആശയങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്ന പോലെയാണ്. നമ്മൾ പോയി അഭിനയിച്ചാൽ മാത്രം മതി, ബാക്കിയെല്ലാം അവർ നോക്കും.
സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അവസരം വർഷങ്ങൾക്കുമുൻപ് ഉപേക്ഷിക്കുകയും ഇപ്പോൾ തീരുമാനം മാറ്റുകയും ചെയ്തു?
അത് സാഹചര്യങ്ങൾ കാരണം. വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്ത ജോലികൾ അല്ലല്ലോ ഇപ്പോൾ ചെയ്യുന്നത്. അപ്പോൾ വേറെ മേഖലയിലായിരുന്നു എന്റെ ശ്രദ്ധ. ആ മേഖലയിൽ എന്തൊക്കെയോ ആകണം, ഒരുപാട് സംഭാവനകൾ ചെയ്യണം എന്നൊക്കെ ആയിരുന്നു ലക്ഷ്യം. എന്റെ സ്വപ്നത്തിൽ സിനിമ ഇല്ലായിരുന്നു. സിനിമ വലിയൊരു സംഭവമാണെന്ന് അന്നും ഇന്നും തോന്നിയില്ല. എന്റെ കയ്യൊപ്പുള്ള മേഖല നൃത്തം തന്നെയാണ്. നൃത്തത്തിൽ സംഭാവന ചെയ്യുക എന്നുപറഞ്ഞാൽ എളുപ്പമല്ല. കഴിഞ്ഞ 44 വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന വ്യക്തിയാണ്. അതിൽ 28 വർഷമായി എന്റെ മാത്രം വർക്കുകളേ ഞാൻ ചെയ്യുന്നുള്ളൂ.അതിനിടെ നൃത്തത്തിൽ ഉപരിപഠനം നടത്തി. പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ടോറൽ ഫെല്ലോഷിപ്പും ചെയ്തു. സീനിയർ റിസർച്ചറായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രവർത്തിച്ചു. ഒരു ദേശീയ അവാർഡും രണ്ട് സംസ്ഥാന അവാർഡും നേടി. കൂടാതെ എന്റെ ഒരു വർക്ക് ഓസ്കാറിന് പോയി. ഒരു വർക്ക് ഓസ്കാർ കന്ററെൻഷൻ ലിസ്റ്റിൽ വന്നു. ഇന്ത്യൻ കൗൺസിൽ ഒഫ് കൾച്ചറൽ റിലേഷൻസിൽ എംപാനൽഡായി. ഇതൊക്കെ എന്റെ മേഖലയിൽ വലിയ നേട്ടങ്ങളാണ്.സാഹചര്യം അനുകൂലമായി വന്നതുകൊണ്ടാണ് ഇപ്പോൾ സിനിമ ചെയ്തത്. ആ സമയത്ത് ഞാൻ തിരുവനന്തപുരത്ത് വേറെയൊരു പ്രൊജക്ടിൽ ഗവേഷണം നടത്തുകയായിരുന്നു. അങ്ങനെയാണെങ്കിൽ അവിടെത്തന്നെ ചിത്രീകരിക്കാമെന്ന് വിഷ്ണു മോഹൻ പറഞ്ഞു. തിരക്കഥയും നല്ലതായിരുന്നു.
നിലപാടുകളുടെ പേരിൽ മാറ്റിനിറുത്തപ്പെടേണ്ടി വന്നിട്ടുണ്ടോ ?
തീർച്ചയായും. വ്യക്തി ജീവിതത്തിൽ ആയാലും തൊഴിലിടത്തിൽ ആണെങ്കിലും നിലപാടുള്ള ആളുകളെ അങ്ങനെ എല്ലാവർക്കും ഇഷ്ടപ്പെടില്ല. എന്നെപ്പോലെ ഒരു വ്യക്തി, ഒരു കൂട്ടത്തിന്റെ നിലപാടാണ് ശരി എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത് തെറ്റാണെന്നും പറയുന്നില്ല. ഒരു കൂട്ടായ്മ എപ്പോഴും ശരിയായ തീരുമാനമെടുക്കുമെന്ന് പറയാൻ കഴിയില്ല. പല കാര്യങ്ങളിലും നമ്മൾ മാറി ചിന്തിക്കുമ്പോഴോ അഭിപ്രായം പറയുമ്പോഴോ മാറ്റി നിറുത്തപ്പെടാറുണ്ട്. എന്റെ ‘സർപതത്വം”പോലെയുള്ള പ്രോജക്ടുകളിൽ ചില കാര്യങ്ങൾ തകർത്തെറിഞ്ഞിട്ടുണ്ട്. അതുകാരണം ഒരുപാട് പ്രശ്നങ്ങളും നേരിട്ടു. ജനങ്ങൾ എന്നുപറയുന്ന സത്യമുണ്ട്. നമ്മൾ ഇത്തരത്തിൽ ചെയ്യുന്ന വർക്കുകളിൽ പലർക്കും താത്പര്യമുണ്ട്. നമുക്ക് അതാണ് വേണ്ടത്. എല്ലാം എല്ലാവരേയും പ്രീതിപ്പെടുത്തണം എന്നില്ല. നമ്മൾ പറയുന്നത് എല്ലാവരും സമ്മതിക്കണം എന്ന നിർബന്ധബുദ്ധി വയ്ക്കാൻ കഴിയില്ല. അഭിപ്രായം എന്ന് പറഞ്ഞാൽ അത് അഭിപ്രായം മാത്രമാണ്. ചില അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും.
സ്ഥിരതാമസത്തിന് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട് ?
എന്നെ അവർ തിരഞ്ഞെടുത്തതാണ്. ലോകത്ത് 200 പേർക്ക് കൊടുക്കുന്ന ഒരു ഗ്രാന്റാണ് ഓസ്ട്രേലിയൻ സർക്കാരിൽ നിന്ന് ലഭിച്ചത്. കലാകായിക മേഖയിലുള്ളവർ ഔട്ട്സ്റ്റാന്ററിങ് ടാലന്റ് എന്ന വിഭാഗത്തിലാണ് വരുന്നത്. അതിൽ കലാ മേഖലയിൽ പെർമനന്റ് റസിഡന്റ് സ്റ്റാറ്റസ് ലഭിക്കുന്നത് വളരെ കുറവാണ്. അതിലും വിരളമാണ് നൃത്ത മേഖലയിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്നത്. ആദ്യമായാണ് ഒരു നർത്തകിക്ക് നൽകുന്നത്. അവിടെ താമസിക്കുന്നു എന്നതിനർത്ഥം ഞാൻ കേരളം വിട്ടു പോകുന്നു എന്നല്ല. കുറച്ചുമാസം അവിടുത്തെ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ച്, ക്രെഡിറ്റ് കോഴ്സുകൾ നടത്തി തിരിച്ച് വരും. കൂടാതെ എനിക്കവിടെ നൃത്ത വിദ്യർത്ഥികളുമുണ്ട്. പിന്നെ മകൻ ദേവാംഗിന്റെ ഉപരിപഠനത്തിന് ഓസ്ട്രേലിയൻ റസിഡൻസി ഉപകാരപ്പെടും എന്ന് തോന്നുന്നു. സോഷ്യോളജിയും ഫിലോസഫിയുമാണ് മകന്റെ പ്രധാന വിഷയങ്ങൾ. സോഷ്യോളജി പഠിക്കാൻ പറ്റിയൊരു സ്ഥലമാണ് ഓസ്ട്രേലിയ.
Source link