തൃശൂർ: കുന്നംകുളത്ത് മൊബൈൽ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. പോർക്കുളം സ്വദേശികളായ ബ്രില്ലോ, സിജോ, കല്ലഴി സ്വദേശി ഷാരൂഖ് എന്നവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ കുറച്ചുനാളുകൾക്ക് മുമ്പ് ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും ചെയ്തിരുന്നു. ഇതോടെ ബാർ ജീവനക്കാർ ഇടപെട്ട് അയാളെ പൊലീസിൽ ഏൽപ്പിച്ചു.
ഇതേ വ്യക്തി ഇന്നലെ രാവിലെ മൊബൈൽ ഫോൺ വാങ്ങാനായി അമ്മയ്‌ക്കൊപ്പം കടയിലെത്തിയിരുന്നു. ഈ സമയം തന്നെ ഓർമയുണ്ടോ എന്ന് ചോദിച്ച ജീവനക്കാരൻ ബാറിലെ സംഭവങ്ങൾ ഓർമിപ്പിച്ചു. ഇതോടെ ഇയാൾ അമ്മയ്‌ക്കൊപ്പം മടങ്ങിപ്പോയി. തുടർന്ന് രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തുകയായിരുന്നു. അമ്മയുടെ മുന്നിൽവച്ച് നാണം കെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിനെയും സഹപ്രവർത്തകരെയും ആക്രമിച്ചത്.
Source link