പുറത്തുവന്ന കത്ത് രാഹുൽ ജയിക്കാൻ പോകുന്നില്ലെന്ന കുറ്റസമ്മതം; തിരഞ്ഞെടുപ്പിന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചെന്ന് സരിൻ

പാലക്കാട്: യു ഡി എഫ് ജയിക്കാൻ പോകുന്നില്ലെന്ന കുറ്റസമ്മതമാണ് പുറത്തുവന്ന കത്തെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. കോൺഗ്രസ് നന്നായിക്കാണാൻ അതിലുള്ള കുറച്ചുപേർക്ക് ഇപ്പോഴും ആഗ്രഹമുള്ളതിനാലാകാം ആ കത്ത് പുറത്തുവന്നതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘എനിക്ക് വലിയ ആശ്ചര്യമോ ഞെട്ടലോ ഒന്നുമില്ല. തോൽക്കാൻ വേണ്ടിയൊരു സ്ഥാനാർത്ഥിയെ നിർത്തിയതാവാമെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ ജയിക്കാൻ പോകുന്നില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു ഡി എഫ് കുറ്റസമ്മതം നടത്തിയതുപോലെയാണ് മനസിലാകുന്നത്.
ഇതാ തോൽക്കാൻ വേണ്ടി ഞങ്ങളൊരു സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിരിക്കുന്നെന്ന് യു ഡി എഫ് തന്നെ പറയുകയാണ്. കത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ നമ്മൾ മനസിലാക്കേണ്ടത് അതാണ്. ഈ കത്ത് വിധിയെഴുതാൻ ജനങ്ങളെ സഹായിക്കുമെങ്കിൽ അത്രയും നല്ലത്. ഇതിലും വലിയ കാര്യങ്ങൾ പുറത്തുവരാനിരിക്കുകയാണ്. അത് പയ്യെ പയ്യെ മനസിലാക്കും.’ – സരിൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഡി സി സി കെ മുരളീധരനെയായിരുന്നു നിർദേശിച്ചത്. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ എ ഐ സി സിക്ക് അയച്ച കത്ത് ഇന്നലെ പുറത്തുവന്നിരുന്നു.
രണ്ടുപേജുള്ള കത്തിന്റെ ഒരുഭാഗമാണ് പുറത്തുവന്നത്. ബി ജെ പിയെ തോൽപ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. പുറത്തുവന്ന കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുണ്ടായിരുന്നില്ല.
Source link