ട്രാക്കിൽ ലോറി; ദുരന്തം ഒഴിവാക്കിയ വന്ദേഭാരത് ലോക്കോപൈലറ്റിന് നന്ദി

പയ്യന്നൂ‌ർ(കണ്ണൂർ)​: വന്ദേഭാരത് കടന്നുവരവേ ട്രാക്കിൽ കോൺക്രീറ്റ് മിക്സിംഗ് മെഷീൻ ലോറി കുടുങ്ങി. ലോക്കോ പൈലറ്റ് ഉടൻ ബ്രേക്കിട്ട് നിറുത്തിയതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.50ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

നവീകരണ പ്രവൃത്തി നടക്കുന്ന രണ്ടാം പ്ളാറ്റ്ഫോമിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലൂടെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ലോറി. ഇതിനിടെയാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് പാഞ്ഞടുത്തത്. സ്റ്റേഷൻ മാസ്റ്ററുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഡ്രൈവർ ലോറി ഓടിച്ച് പാളം കടത്താൻ ശ്രമിച്ചത്. പക്ഷേ ട്രാക്കിൽ കുടുങ്ങിനിന്നു. വാഹനം കണ്ട ലോക്കോപൈലറ്റ് സഡൻ ബ്രേക്കിട്ടു. ലോറിക്ക് അടുത്തെത്തിയാണ് വന്ദേഭാരത് നിന്നത്. ലോറി മാറ്റി ട്രെയിനിന് യാത്ര തുടരാൻ മിനിട്ടുകളെടുത്തു. മുന്നറിയിപ്പുണ്ടായിട്ടും ട്രാക്കിലേക്ക് വാഹനം ഓടിച്ചുകയറ്റിയതിന് കർണാടക സ്വദേശി കാശിനാഥിനെ (22)​ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.


Source link
Exit mobile version