അണികളെ അമ്പരപ്പിച്ച് സി. പി. എം സെക്രട്ടേറിയറ്റ് തീരുമാനം , ദിവ്യയെ കാക്കുമെന്ന് കണ്ണൂർ ലോബിക്ക് വാശി

കൂനിന്മേൽ കുരുവായി കാരാട്ട് റസാക്ക്

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കി പതിമ്മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയായ പി.പി.ദിവ്യയ്‌ക്ക് സി.പി. എം. സംരക്ഷണം തുടരുന്നതിനു പിന്നിൽ ഭരണവുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ നേതാക്കളുടെ പിടിവാശിയെന്ന് സൂചന.

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജിയിൽ 29ന് വിധി പറയും വരെ കാത്തിരിക്കാൻ ഇന്നലെ തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനം അണികളെയും അന്ധാളിപ്പിച്ചു.

ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉടനെന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും പൊലീസിന്റെ കടുത്ത നടപടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രഖ്യാപനങ്ങളാണ് പാഴായത്.

ദിവ്യയെ പൊലീസ് ചോദ്യം ചെയ്യാൻ പോലും മുതിരാത്തത് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതിനിടെയാണ് പാർട്ടിക്കെതിരെ കൊടുവള്ളി മുൻ സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാക്കിന്റെ പുതിയ വെടി. കൊടുവള്ളിയിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ലീഗിന്റെ ഒത്താശയോടെ മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നുവെന്നാണ് റസാക്കിന്റെ ആരോപണം. ഒരാഴ്ചക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അൻവറിനൊപ്പം പോകുന്നതടക്കം എന്തു ചെയ്യണമെന്ന് അറിയാമെന്ന ഭീഷണിയും മുഴക്കി.

എൻ.സി.പി മന്ത്രി മാറ്റത്തെച്ചൊല്ലിയുള്ള 100 കോടിയുടെ കോഴ ആരോപണം ദിവ്യ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പാർട്ടിയുടെ അറിവോടെ നടത്തിയ വിഫല ശ്രമമാണെന്ന ആക്ഷേപവും ശക്തം.

,

റിമാൻഡ് ഒഴിവാക്കാൻ

1.ആത്മഹത്യാ പ്രേരണ ജാമ്യമില്ലാത്ത കുറ്റമായതിനാൽ, ദിവ്യയെ കോടതിയിൽ ഹാജരാക്കിയാൽ റിമാൻ‌ഡ് ചെയ്യപ്പെടാം. അതോടെ മുൻകൂർ ജാമ്യാപേക്ഷയുടെ കഥകഴിയും. അതാണ് അറസ്റ്റോ കീഴടങ്ങലോ ഉണ്ടാവാത്തത്.

2. ഹൈക്കോടതിയെ സമീപിക്കാനും ആ മറവിൽ അറസ്റ്റ് നീട്ടാനും കഴിയാതാവും. അറസ്റ്റ് ചെയ്താലും ഉപതിരഞ്ഞെടുപ്പിൽ ഗുണമാവില്ല. അറസ്റ്റ് എതിരാളികൾ ആയുധമാക്കുമ്പോൾ ആഘാതം കൂടുകയേയുള്ളൂ.

3.ചൊവ്വാഴ്ച മുൻകൂർ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും നിയമം നിയമത്തിന്റെ വഴിയേ എന്ന അടവ് നിലപാടിലാവും പാർട്ടി.

# ആത്മഹത്യാ പ്രേരണക്കുറ്റം എസ്.പി.റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. അത് കണ്ണൂർ ടൗൺ സി.ഐയിൽ ഒതുക്കിയത് പ്രതിയെ രക്ഷിക്കാനാണെന്ന വിമർശനം ശക്തമായപ്പോഴാണ് കണ്ണൂർ പൊലീസ് കമ്മിഷണറുടെ സംഘത്തെ നിയോഗിച്ചത്.

പ്രശാന്തിന് വെറും സസ്പെൻഷൻ

പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പിന് എൻ.ഒ.സി നേടിയതും എ.ഡി.എം നവീൻ ബാബുവിന് കൈക്കൂലി നൽകിയതും (സ്വയം അവകാശപ്പെട്ടത്) സർവീസ്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പ്രശാന്ത് സർവീസിൽ ഉണ്ടാവില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്.പക്ഷേ, നടപടി സസ്പെൻഷനിലൊതുങ്ങി.


Source link
Exit mobile version