അഞ്ച് വർഷം മുമ്പ് തിരുവനന്തപുരത്തെ പാർക്കിംഗ് ഏരിയയിൽ കൃത്യം നടത്തി, 28 വർഷം തടവിന് ശിക്ഷ വിധിച്ചു

തൂത്തുക്കുടി: വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും 28 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി തൂത്തുകുടി സ്വദേശി റോസാരി റൊണാൾഡോ (45 വയസ്), രണ്ടാം പ്രതി ഇടുക്കി സ്വദേശി ബിനോയ് തോമസ് (50 വയസ്), മൂന്നാം പ്രതി ഇടുക്കി സ്വദേശി റ്റി.എൻ.ഗോപി (74) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2018 സെപ്‌തംബർ 1നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് 6.36 കിലോഗ്രാം ഹാഷിഷ് ഓയിൽ വാങ്ങാൻ വന്ന ഒന്നാം പ്രതിയെയും ഇത് കൈമാറാൻ വന്ന രണ്ടും മൂന്നും പ്രതികളെയും എക്സൈസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ആയിരുന്ന റ്റി.അനികുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആയിരുന്ന സുൽഫിക്കർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ശ്രി. കെ.പി.അനിൽകുമാറാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ ഡി.ജി.റെക്സ്, അഭിഭാഷകരായ സി.പി.രഞ്ജു, ജി.ആർ.ഗോപിക, പി.ആർ.ഇനില രാജ് എന്നിവർ ഹാജരായി.


Source link
Exit mobile version