മുംബയ്: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയ് സ്ഥാനാർത്ഥിയായേക്കുമെന്ന് വിവരം. ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ബിഷ്‌ണോയിയെ സ്ഥാനാർത്ഥിയാക്കാൻ ഉത്തർ ഭാരതീയ വികാസ് സേന പാർട്ടി നോമിനേഷൻ ഫോറം ആവശ്യപ്പെട്ടിരിക്കുകയാണ്. നോമിനേഷൽ നൽകാൻ ആവശ്യമായ ഔദ്യോഗിക രേഖയായ എബി ഫോറം റിട്ടേണിംഗ് ഓഫീസറോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഷ്‌ണോയിയുടെ പേരിൽ ഉത്തർ ഭാരതീയ വികാസ് സേന നേതാവ് സുനിൽ ശുക്ള ആണ് നോമിനേഷൻ നൽകുന്നത്. ഫോറത്തിൽ ബിഷ്‌ണോയിയുടെ ഒപ്പ് ശേഖരിക്കുമെന്നും സത്യവാങ്‌മൂലത്തിന് അന്തിമ രൂപം നൽകുമെന്നും സുനിൽ ശുക്ള റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു. ലോറൻസ് സമ്മതിക്കുകയാണെങ്കിൽ തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന 50 പേരുടെ പേര് അടങ്ങുന്ന പട്ടിക ഉടൻ പുറത്തുവിടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എൻ സി പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിഷ്‌ണോയുടെ പേര് വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന വിവരം പുറത്തുവരുന്നത്. ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്നും ബിഷ്‌ണോയ് അനേകം തവണ ഭീഷണി മുഴക്കിയിരുന്നു. രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള മണ്ഡലമാണ് ബാന്ദ്ര വെസ്റ്റ്. ബാബ സിദ്ദിഖി എംഎൽഎയായി ജയിച്ചുവന്നത് ഇവിടെ നിന്നായിരുന്നു
നവംബർ 20നാണ് മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണൽ. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന, ബിജെപി, അജിത് പവാറിന്റെ എൻസിപി എന്നിവരടങ്ങുന്ന മഹായുതി അലയൻസ് ആണ് ഇപ്പോൾ ഭരണത്തിലിരിക്കുന്നത്. കോൺഗ്രസ്, ശിവ സേന (യുപിറ്റി), ശരത് പവാറിന്റെ എൻസിപി അടങ്ങുന്ന മഹാ വികാസ് അഘാഡിയാണ് മഹായുതി അലയൻസിന്റെ മുഖ്യ എതിരാളി.
Source link