വനിതാ പൊലീസ് നിയമനത്തിന് വിനയായി 9:1 അനുപാതം

തിരുവനന്തപുരം: പൊലീസിലെ വനിതാപ്രാതിനിദ്ധ്യം ഉയർത്താൻ ലക്ഷ്യമിട്ട് പത്തിലൊന്ന് നിയമനം സ്ത്രീകൾക്ക് നൽകാൻ ഉത്തരവിറങ്ങിയെങ്കിലും കഴിഞ്ഞ ലിസ്റ്റിൽ നിന്നുണ്ടായ നിയമനത്തിന്റെ പകുതി പോലും ഇക്കൊല്ലത്തെ വനിതാപൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്ന് നടക്കില്ലെന്ന് ആശങ്ക.
1,200 ട്രെയിനി കോൺസ്റ്റബിൾ തസ്തികകൾക്ക് തുടർച്ചാനുമതി നൽകിയ ഉത്തരവിലാണ് പത്തിലൊന്ന് നിയമനം സ്ത്രീകൾക്ക് നൽകാൻ അനുമതി നൽകിയത്. ഇതിലൂടെ വനിതാ ബറ്റാലിയനിലേക്ക് ലഭിക്കുക വെറും 120 നിയമനങ്ങൾ മാത്രമാണ്. പുരുഷ വിഭാഗത്തിൽ നിയമനം നടന്നാലേ വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കൂ എന്നതും പ്രതിസന്ധിയാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി ആറു മാസമേയുള്ളൂ.
പൊലീസ് സേനയിലെ പുരുഷ, വനിതാ ഉദ്യോഗസ്ഥരുടെ എൻട്രി കേഡർ തസ്തികനിർണയം വെവ്വേറെ നടന്നിരുന്നതാണ് ഇക്കുറി മുതൽ ഒരുമിച്ച് നടത്തുന്നത്.
കഴിഞ്ഞ വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നും 815 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. മൂന്ന് ബാച്ചുകൾ പരിശീലനം പൂർത്തിയാക്കി. 781 പേരുള്ള മെയിൻ ലിസ്റ്റിലെ ജനറൽ വിഭാഗത്തിൽ 696 റാങ്ക് വരെ നിയമന ശുപാർശ ലഭിച്ചിരുന്നു. ഈഴവ വിഭാഗത്തിൽ 696 റാങ്ക് വരെയും മുസ്ലിം, പട്ടിക വിഭാഗത്തിൽ പൂർണ്ണമായും നിയമനം ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി 120 ഒഴിവിൽ ഒരു ബാച്ച് ഒതുങ്ങിപ്പോകുമെന്നാണ് ആരോപണം.
നിലവിലെ വനിതാപൊലീസ് കോൺസ്റ്റബിൾ റാങ്ക്‌ലിസ്റ്റിന്റെ മുഖ്യപട്ടികയിൽ 674 പേരാണുള്ളത്. സപ്ലിമെന്ററി വിഭാഗത്തിലടക്കം 987 പേരാണ് ആകെ ഉൾപ്പെട്ടിട്ടുള്ളത്. 2025 ഏപ്രിൽ 20 നാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്.
നിയമന അനുപാതം – 9:1
നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ കണക്കാക്കി ആദ്യ ഒൻപതെണ്ണം ജില്ലകളുടെ ഫീഡർ ബറ്റാലിയനിലേക്കുള്ള കോൺസ്റ്റബിൾ നിയമനത്തിന് ഉപയോഗിക്കാനാണ് ഉത്തരവ്. പത്താമത്തെ ഒഴിവ് സംസ്ഥാനതല പി.എസ്.സി പട്ടികയിൽനിന്നുള്ള വനിതാ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനായി മാറ്റും.
Source link