“10 ലക്ഷവും 50 പവനും, എന്നിട്ടും ഭർത്താവിനൊപ്പം ഇരിക്കാൻപോലും സമ്മതിച്ചില്ല”; പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

നാഗർകോവിൽ: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ് (25) തൂങ്ങിമരിച്ചത്. ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്.

തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

ശ്രുതി അമ്മയോട് ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങൾ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.’- എന്നാണ് ശ്രുതി പറയുന്നത്.

യുവതിയുടെ പിതാവ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ എഞ്ചിനിയറാണെന്നാണ് വിവരം.

ഇതുകൊണ്ട് കുടുംബം തമിഴ്നാട്ടിലേക്ക് മാറിയതായിരുന്നു. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് യുവതിയെ ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചു. തിരികെ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു.

വീട്ടുകാരോട് യുവതി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ശുചീന്ദ്രത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.


Source link
Exit mobile version