കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ ടി.വി. പ്രശാന്തന് സസ്‌പെൻഷൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടുത്ത അച്ചടക്ക നടപടി പിന്നീട് ഉണ്ടാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രശാന്തനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അനധികൃതമായി സേവനത്തിൽ നിന്ന് വിട്ടുനിന്നു. എഡിഎമ്മിന്റെ മരണത്തിന് ശേഷം ജോലിക്കെത്തിയിരുന്നില്ല. അവധി തന്നെ അനധികൃതമാണ്.
സഹകരണ വകുപ്പ് സൊസൈറ്റിക്ക് കീഴിൽ ജോലി ചെയ്യുന്ന പ്രശാന്തൻ സർവീസ് ചട്ടങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥിരമാക്കുന്നവരുടെ പട്ടികയിൽ പ്രശാന്തനും ഉൾപ്പെടും. അതിനാൽ പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്തനെ ചട്ടം അനുവദിക്കുന്നില്ല.
സ്വകാര്യ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെട്ട പ്രശാന്തന്റെ നടപടി ഗുരുതരമായ ചട്ടലംഘനവും പെരുമാറ്റച്ചട്ട ലംഘനവും അച്ചടക്ക ലംഘനവുമായി കാണുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രശാന്തനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നുവെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ടി.വി. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ ജോലി മറച്ചുവച്ചാണ് പെട്രോൾ പമ്പിന് അനുമതി നേടിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനാണ് പ്രശാന്തൻ. താത്കാലിക ജോലിയാണെങ്കിലും സ്ഥിരമാക്കുന്നവരുടെ പട്ടികയിൽ പ്രശാന്തനുമുണ്ട്. സർവീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം ബാധകവുമാണ്. ഇത് ലംഘിച്ചെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
അനുമതി തേടണമെന്നത് അറിയില്ലെന്ന പ്രശാന്തന്റെ വാദം അന്വേഷണസംഘം തള്ളിയിരുന്നു. പ്രശാന്തൻ സർവീസിൽ തുടരില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതും മന്ത്രിയാണ്. പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരും. ഇലക്ട്രിഷ്യനായ പ്രശാന്തന് ഇത്രയും പണം എങ്ങനെ കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ ബിനാമിയെന്നാണ് പരക്കെയുള്ള ആക്ഷേപം.
Source link