‘തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല’; ഭീഷണി മുഴക്കി കെ സുധാകരൻ
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമതർക്കെതിരെ ഭീഷണിമുഴക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് സുധാകരന്റെ ഭീഷണി. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്താണ് വരുന്നത്. അവർ ഒന്നോർത്തോളൂ, എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല. തടി വേണോ ജീവൻ വേണോ എന്നോർക്കണം. പാർട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ അത് ഇടതുപക്ഷക്കാർക്കും ബിജെപിക്കാർക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ല.
ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കിമാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്‌നം നടക്കില്ല. കോൺഗ്രസ് തന്നെ അധികാരത്തിൽ വരും. പിന്നിൽ നിന്ന് കുത്തിയവരെ വെറുതെ വിടില്ല’- സുധാകരൻ പറഞ്ഞു.
ചേവായൂർ സഹകരണ ബാങ്ക് ചെയർമാൻ ജി സി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തിടെ 53 കോൺഗ്രസ് നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവച്ചിരുന്നു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പ്രാദേശിക താത്‌പര്യങ്ങൾക്ക് വിരുദ്ധമായി വ്യക്തി താത്‌പര്യങ്ങൾ മാത്രം പരിഗണിച്ച് സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.
Source link