‘ചത്ത കുതിരയാണ് കോൺഗ്രസ്, മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കുന്നത് മൂന്നുപേർ’; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിൻ മിടുമിടുക്കനെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളാപ്പടി നടേശന്റെ വാക്കുകൾ:
‘കോൺഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സാമൂഹിക നീതിയെക്കുറിച്ച് പറഞ്ഞപ്പോൾ എന്നെ അവർ ജയിലിലാക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ആരെയും ഉൾക്കൊള്ളാത്ത പാർട്ടിയാണ്. മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ മൂന്നുപേരുടെ മത്സരമാണ്. അവരുടെ ചെയ്‌തികൾ കാരണം ഞാൻ കോൺഗ്രസുമായി ദീർഘനാളായി അകൽച്ചയിലാണ്. എന്നെ കള്ളക്കേസിൽ കുടുക്കാൻ പോലും അവർ ശ്രമിച്ചു. ഇപ്പോൾ, പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണ്. സരിൻ മിടുമിടുക്കനാണ്. ‘
വെള്ളാപ്പള്ളിയുമായി നേരത്തേ സൗഹൃദമുണ്ട്. അതിനാൽ കാണാനെത്തിയതാണെന്നാണ് സരിൻ പറഞ്ഞത്. ‘വെള്ളാപ്പള്ളി നിലപാടുള്ളയാളാണ്. അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ലക്ഷ്യം. അദ്ദേഹം പറയുന്നത് കേൾക്കാനായാണ് ഞാൻ വന്നത്. നല്ല മാറ്റത്തിന് വേണ്ടി അഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളി’, സരിൻ പറഞ്ഞു. അതേസമയം, എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സരിൻ സന്ദർശിച്ചു.
Source link