ഹേമ കമ്മിറ്റി:ഹർജിയെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അഞ്ചു വർഷത്തോളം അടയിരുന്നത് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്ന ആവശ്യം ഹർജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് തള്ളി. വിഷയവുമായി ഹർജിക്കാരന് എന്തു ബന്ധമെന്ന് കോടതി ചോദിച്ചു. കേരള ഹൈക്കോടതിയിൽ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികളുണ്ട്. അവിടെയാണ് ആദ്യം പോകേണ്ടത്. സുപ്രീംകോടതിയെ അല്ല സമീപിക്കേണ്ടത്. പ്രസിദ്ധിക്ക് വേണ്ടിയുള്ള ഹർജിയെന്ന് പറയേണ്ടിവരും. ഹ‌ർജിക്കാരന് എങ്ങനെ വക്കീൽ വേഷത്തിൽ ഹാജരാകാൻ കഴിയുമെന്നും ചോദിച്ചു. കക്ഷികൾക്ക് വേണ്ടി ഹാജരാകുമ്പോൾ ധരിക്കേണ്ട വേഷമാണെന്നും ഓ‌‌ർമ്മിപ്പിച്ചു. ഇടപെടില്ലെന്ന് നിലപാടെടുത്തതോടെ ഹർജി പിൻവലിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ഹർജിക്കാരനായ അഡ്വ. അജീഷ് കളത്തിൽ വാദിച്ചു. പൊലീസിന് പരാതി കൊടുത്തിരുന്നതായും കൂട്ടിച്ചേർത്തു.


Source link
Exit mobile version