‘പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’; ജോജുവിനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

‘പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’; ജോജുവിനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി | Pani Movie
‘പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’; ജോജുവിനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
മനോരമ ലേഖകൻ
Published: October 26 , 2024 11:19 AM IST
1 minute Read
ലിജോ ജോസ് പെല്ലിശ്ശേരി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ സിനിമയെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ‘‘ജോജുവിന്‍റെ എട്ടും എട്ടും പതിനാറിന്‍റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’’ എന്നാണ് അദ്ദേഹം ചിത്രം കണ്ട ശേഷം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന്‍റെ സംവിധാന അരങ്ങേറ്റത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച റിവ്യൂവാണ് ലിജോ നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷക അഭിപ്രായം.
ആക്‌ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി.പി.യുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. ജോസഫിലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് ‘നായാട്ടി’ലൂടേയും ‘ഇരട്ട’യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയിരിക്കുന്നത്.
അഭിനയ നായികയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
വിഷ്ണു വിജയ്, സാം സി എസ് എന്നിവരുടെ സംഗീതവും വേണു ISC, ജിന്‍റോ ജോർജ് എന്നിവരുടെ ക്യാമറയും സിനിമയുടെ ആത്മാവാണ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്‌ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരയൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
English Summary:
Lijo Jose Pellissery Praises Pani Movie
5d2bmehj0q835k7hh361oqdi3e 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-lijo-jose-pellissery mo-entertainment-common-malayalammovie mo-entertainment-movie-jojugeorge
Source link