ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂർ കളക്ടർ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രോസിക്യൂഷൻ വാദത്തിൽ മൊഴിയിലെ കുറച്ചു ഭാഗങ്ങൾ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്,
അതേസമയം, പൊലിസ് ശേഖരിച്ച ഫോൺ കാൾ റെക്കാഡ് ദിവ്യയ്ക്ക് കുരുക്കാവും. നവീൻബാബുവിന് യാത്രഅയപ്പു നൽകിയ ഒക്ടോബർ 14ന് ദിവ്യ തന്റെ ഫോണിൽ നിന്ന് ജില്ലാ കളക്ടറെയും പ്രാദേശിക ചാനൽ റിപ്പോർട്ടറെയും കാമറാമാനെയും പലതവണ വിളിച്ചതിന്റെ രേഖകളാണ് ഇതിൽ പ്രധാനം. ലഭിച്ച മൊഴികളെല്ലാം ദിവ്യക്കെതിരാണ്.
മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ദിവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ദിവ്യയുടെ വീട്ടിലെത്തിയ പൊലീസ് സ്ഥലത്തില്ലാത്തതിനാൽ വീട്ടിലെ മുതിർന്ന അംഗത്തിന് നോട്ടീസ് നൽകി.
മൂന്നു വർഷം, ദിവ്യ
വിദേശത്ത് 23 തവണ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ദിവ്യ നടത്തിയ വിദേശയാത്രകളും പൊലിസ് അന്വേഷിക്കുന്നുണ്ട്. മൂന്നു വർഷത്തിനിടെ 23 തവണയാണ് ദിവ്യ വിദേശയാത്ര നടത്തിയത്. വിദേശയാത്രകളുടെ ചിത്രങ്ങളടക്കം ദിവ്യ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
എ.ഡി.എമ്മിന്റെ മരണം: അന്വേഷണ
റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഇന്ന് മന്ത്രി കെ.രാജന് കൈമാറിയേക്കും. ജോയിന്റ് കമ്മിഷണർ എ. ഗീത തയ്യാറാക്കിയ റിപ്പോർട്ട് വ്യാഴാഴ്ചയാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗങ്ങളിൽ പങ്കെടുക്കേണ്ട തിരക്കിലായിരുന്നു ടീങ്കു ബിസ്വാൾ. റിപ്പോർട്ട് വിശദമായി പഠിച്ച് , അതിന്മേലുള്ള നോട്ട് രേഖപ്പെടുത്തിവേണം മന്ത്രിക്ക് കൈമാറാൻ. മന്ത്രി ഇന്നലെ കാസർകോട്ടായിരുന്നു.
പമ്പിന് അനുമതി ചട്ടം ലംഘിച്ച്;
പ്രശാന്തനെ പിരിച്ചുവിട്ടേക്കും
കണ്ണൂർ: ടി.വി. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ ജോലി മറച്ചുവച്ചാണ് പെട്രോൾ പമ്പിന് അനുമതി നേടിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷം പ്രശാന്തനെ പിരിച്ചുവിട്ടേക്കും. മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനാണ് പ്രശാന്തൻ. താത്കാലിക ജോലിയാണെങ്കിലും സ്ഥിരമാക്കുന്നവരുടെ പട്ടികയിൽ പ്രശാന്തനുമുണ്ട്. സർവീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം ബാധകവുമാണ്. ഇത് ലംഘിച്ചെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. അനുമതി തേടണമെന്നത് അറിയില്ലെന്ന പ്രശാന്തന്റെ വാദം അന്വേഷണസംഘം തള്ളി. നടപടിക്ക് ശുപാർശയും ചെയ്തു. പ്രശാന്തൻ സർവീസിൽ തുടരില്ലെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതും മന്ത്രിയാണ്. പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരും. ഇലക്ട്രിഷ്യനായ പ്രശാന്തന് ഇത്രയും പണം എങ്ങനെ കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ ബിനാമിയെന്നാണ് പരക്കെയുള്ള ആക്ഷേപം.
Source link