സപ്ളൈകോ ഗോഡൗണിൽ 800 ക്വിന്റൽ അരി കാണാനില്ല

കോന്നി : സപ്ളൈകോയുടെ കോന്നി ഗോഡൗണിൽ 800 ക്വിന്റൽ അരി കാണാനില്ല. വിജിലൻസ് കൺട്രോളർ ജ്യോതികൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് അരി നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്. 7 ലോഡ് അരിയുടെ കുറവുണ്ട്. ഒരു ലോഡിൽ 205 ചാക്ക് അരിയാണ് ഉണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് കോന്നി താലൂക്ക് സപ്ലെ ഓഫീസർ ഹരീഷ് കെ.പിള്ളയുടെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തിയിരുന്നു. അരി നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. പ്രമാടം, കോന്നി, കൂടൽ ഗോഡൗണുകളിലും പരിശോധന നടത്തി. റേഷൻ കടകളിലേക്ക് ഗോഡൗണിൽ നിന്ന് സാധനങ്ങൾ തൂക്കി നൽകുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത് . ഇപ്പോൾ റേഷൻ കടകളിൽ നേരിട്ടെത്തിക്കുകയാണ്. കടകൾ പ്രവർത്തിക്കുന്ന സമയം കഴിഞ്ഞതിന് ശേഷം രാത്രിയിലാണ് ഗോഡൗണിലെ തൊഴിലാളികൾ സാധനങ്ങൾ ഇറക്കുന്നതെന്ന് ആരോപണമുണ്ട്.


Source link
Exit mobile version