ദുരന്തനിവാരണ അതോറിറ്റി ഹൈക്കോടതിയിൽ — ബിസിനസ് വായ്പകൾ എഴുതിത്തള്ളി; വയനാട്ടെ പാവങ്ങളെ കേന്ദ്രം മറന്നു

കൊച്ചി: ബിസിനസുകാരുടെ വൻതുകയുടെ വായ്പകളാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. എന്നിട്ടും വയനാട്ടെ ദുരന്തബാധിതരുടെ നാമമാത്ര തുകകൾ എഴുതിത്തള്ളുന്നില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചു.
വയനാട് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേകസഹായം നൽകിയില്ല. സംസ്ഥാനത്തിന്റെ മൂന്ന് അപേക്ഷകളിലും തീരുമാനമായില്ല. തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചല്ല. എങ്കിൽ പുനർനിർമ്മാണത്തിന് ആഗോളസഹായം ലഭിക്കുമായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ബാക്കിയുള്ളത് 782.99 കോടി രൂപയാണ്. ഇത് മുണ്ടക്കൈ -ചൂരൽമല പ്രദേശത്തിന് മാത്രമുള്ളതല്ല. വയനാടിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചില്ലെന്ന കേന്ദ്ര വിമർശനത്തിനും മറുപടിയുണ്ട്. കേന്ദ്രസംഘം ഇതിന് സമയപരിധി നിർദ്ദേശിച്ചിട്ടില്ലെന്നാണ് വിശദീകരണം.
കാലാവസ്ഥാ മുന്നറിയിപ്പ്
കാര്യക്ഷമമാക്കണം
വേഗത്തിൽ മുന്നൊരുക്കത്തിന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം
പ്രളയമുന്നറിയിപ്പ് കേന്ദ്രങ്ങൾ കൂട്ടണം. വെള്ളപ്പൊക്ക അലർട്ട് ലൊക്കേഷൻ ദേശീയ അതോറിറ്റി വൈബ്സൈറ്റുമായി ബന്ധിപ്പിക്കണം
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ഹൈറേഞ്ചുകളിലും സ്ഥാപിക്കുകയോ ഉപഗ്രഹനിരീക്ഷണം ഏർപ്പെടുത്തുകയോ വേണം
വയനാട് പഴശിരാജകോളേജ് ക്യാമ്പസിൽ മഴനിരീക്ഷണ റഡാർ സ്ഥാപിക്കാൻ ഉടൻ അനുമതി നൽകണം
കൊച്ചിയിലെ റഡാർ അപ്ഗ്രേഡ് ചെയ്യുകയും തിരുവനന്തപുരത്തേത് ഡിജിറ്റലാക്കുകയും വേണം
തിരുവനന്തപുരത്തെ സൈക്ലോൺ വാണിംഗ് സെന്ററിൽ പരിശീലനം നേടിയ ജീവനക്കാരെ വയ്ക്കണം
എല്ലാ ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പിലെ ഉദ്യോഗസ്ഥനെ ഏകോപനത്തിന് നിയോഗിക്കണം
ഹിൽ സ്റ്റേഷനുകൾ:
റിപ്പോർട്ട് സമർപ്പിച്ചു
ഹിൽസ്റ്റേഷനുകളിൽ ആളുകളേയും വാഹനങ്ങളേയും താങ്ങാനുള്ള ശേഷി സംബന്ധിച്ച് പരിസ്ഥിതിവകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കൽ റിപ്പോർട്ട് സമർപ്പിച്ചു. 37 ഹിൽസ്റ്റേഷനുകളിലെ 2023ലെ സന്ദർശനത്തിന്റെ കണക്കുകളാണ് ഹാജരാക്കിയത്. 8742 താമസകേന്ദ്രങ്ങളിൽ ശാസ്ത്രീയ വിവരശേഖരണം നടത്തുന്നുണ്ട്. മാലിന്യനിർമ്മാർജന സൗകര്യം, ജലലഭ്യത തുടങ്ങിയ വിവരങ്ങളുമുണ്ട്. അടുത്തയാഴ്ച കോടതി പരിശോധിക്കും.
പെരുമാറ്റച്ചട്ടം പുനരധിവാസത്തെ
ബാധിക്കരുത്: ഹൈക്കോടതി
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വയനാട് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിൽ ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. ദുരന്തമേഖലയുടെ പുനർനിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പെരുമാറ്റച്ചട്ടം തടസമാകരുതെന്നും കോടതി ഉത്തരവിട്ടു. അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നിർദ്ദേശം. സാമ്പത്തിക ഗ്രാന്റുകൾ നൽകുന്നതിനും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും തിരഞ്ഞെടുപ്പ് കഴിയുംവരെ നിയന്ത്രണമുണ്ട്. അതിനാൽ വിവിധ വകുപ്പുകൾ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.
Source link