KERALAMLATEST NEWS

100​ ​കോ​ടി​ ​കോ​ഴ​ ​വാ​ഗ്‌ദാ​നം; മ​ന്ത്രി​മാ​റ്റ​ത്തി​ന് കു​രു​ക്കി​ടാൻ,  അന്വേഷിക്കണമെന്ന് തോമസ്കെ തോമസ്

# ശരിവച്ച് ആന്റണി രാജു

# നിരസിച്ച് കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നടക്കാറുള്ള കോടികളുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കേരളത്തിലും ശ്രമം ഉണ്ടായെന്ന ആരോപണത്തിനു പിന്നിൽ ദുരുദ്ദേശ്യമെന്ന് വിലയിരുത്തൽ.

എൻ.സി.പിയിലെ അജിത് പവാർ പക്ഷത്ത് ചേരാൻ ജനാധിപത്യ കേരള കോൺഗ്രസ് എം.എൽ.എയായ ആന്റണി രാജുവിനും ആർ.എസ്.പി ലെനിനിസ്റ്റ് എം.എൽ.എ കോവൂർ കുഞ്ഞുമോനും അമ്പതു കോടി രൂപ വീതം എൻ.സി.പിയിലെ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

ആന്റണി രാജു ശരിവയ്ക്കുകയും കോവൂർ കുഞ്ഞുമാേനും തോമസ് കെ തോമസും നിഷേധിക്കുകയും ചെയ്തതോടെ ആരോപണം തുലാസിലായി. നിയമസഭാ ലോഞ്ചിൽ വച്ച് വാഗ്ദാനം നൽകിയെന്നാണ് ആരോപണം. തന്റെ മന്ത്രിസഭാ പ്രവേശനം തടയാനുള്ള നീക്കമെന്നാണ് തോമസ് കെ തോമസ് പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം

മാത്രമുള്ളപ്പോൾ, നൂറു കോടി മുടക്കി രാഷ്ട്രീയ ശക്തികുറഞ്ഞ രണ്ട് എം.എൽ.എമാരെ കൂടെക്കൂട്ടിയതുകൊണ്ട് എന്തു ഗുണമെന്നാണ് എൻ.സി.പിയും ചോദിക്കുന്നത്. തോമസ് അടക്കം മൂന്ന് എം.എൽ.എമാർ കൂറുമാറിയാലും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയോ, ഇളക്കം തട്ടുകയോ ചെയ്യില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരോപണം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്‌തെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച വിഷയത്തിൽ എന്തുകൊണ്ട് കേസെടുത്ത് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. തനിക്കെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ തോമസ് ഇന്നലെ രംഗത്ത് വരുകയും ചെയ്തു.

ഇങ്ങനെ ഒരു കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്.

തോമസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് എൻ.സി.പിയുടെ മന്ത്രിയായ ശശീന്ദ്രനും വ്യക്തമാക്കി.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ മാസം എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എം.എൽ.എ എന്നിവർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം കോഴ വിഷയം സൂചിപ്പിച്ചതായാണ് വിവരം. അപ്പോൾ തന്നെ തോമസ്.കെ.തോമസ് ആരോപണം തള്ളുകയും ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് മന്ത്രിയെ മാറ്റണമെന്ന തരത്തിൽ പാർട്ടി നേതൃത്വം കാര്യങ്ങൾ നീക്കി തുടങ്ങുകയും ചെയ്തു.

കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് സി.പി.എം നേതാവ് പി​.പി​. ദിവ്യയ്‌ക്കെതിരായ ആരോപണങ്ങൾ സർക്കാരിനും പാർട്ടിക്കും ഉപതിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ലക്ഷ്യം വാർത്തയ്ക്ക് പിന്നിലുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

`ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പരിമിതിയുണ്ട്. പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയും.’

-ആന്റണി രാജു

`വാഗ്ദാനവുമായി ആരും സമീപിച്ചിട്ടില്ല. യു.ഡി.എഫ് കാലത്ത് സ്പീക്കർ പദവിയടക്കം വാഗ്ദാനം ചെയ്തിട്ടും എവിടെയും പോയില്ല.’

-കോവൂർ കുഞ്ഞുമോൻ

`എന്റെ മന്ത്രിസഭാ പ്രവേശനം തടയാനുള്ള തന്ത്രമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രിയാവും’

– തോമസ്.കെ.തോമസ്


Source link

Related Articles

Back to top button