മരിക്കുന്നതിന് എട്ട് മാസം മുമ്പ് 82 ലക്ഷത്തിന്റെ പോളിസി, സുഹൃത്തുക്കളുടെ സ്വർണക്കടത്ത്; ബാലുവിന്റെ മരണത്തിൽ ഉത്തരം തേടുന്ന ചോദ്യങ്ങൾ

മുപ്പത്തൊൻപതാം വയസിൽ,​ പാതിയിൽ മുറിഞ്ഞുപോയൊരു വിഷാദരാഗം പോലെ വയലിനിലെ മാന്ത്രികൻ ബാലഭാസ്കർ അരങ്ങൊഴിഞ്ഞിട്ട് ആറു വർഷം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയിൽ,​ പള്ളിപ്പുറത്ത് ദേശീയപാതയോരത്തെ തണൽമരത്തിലേക്ക് 2018 സെപ്തംബർ 25ന് പുലർച്ചെ കാറിടിച്ചുകയറിയാണ് ആ ജീവൻ പൊലിഞ്ഞത്. പ്രാണനായിരുന്ന മകൾ തേജസ്വിനിയും ബാലുവിനൊപ്പം പോയി. തിരുമലയിലെ ഹിരൺമയി വീട്ടിൽ ബാലുവിന്റെ പ്രിയതമ ലക്ഷ്‌മി മാത്രമായി. അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ, ഗുരുവും അമ്മാവനുമായ വയലിൻ സംഗീതജ്ഞൻ ബി.ശശികുമാർ കഴിഞ്ഞ നവംബറിൽ വിടപറഞ്ഞു. ആറുവർഷമായിട്ടും ബാലുവിന്റെ മരണത്തിനു പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്.

സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവു നേടി. തുടക്കത്തിൽ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 2019 മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുൾ ജമീലും പ്രതികളായതോടെയാണ് സ്വർണക്കടത്ത് ബന്ധം സംശയിക്കപ്പെട്ടത്. പിന്നാലെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും പുറത്തുവന്നു.

സുഹൃത്തുക്കളുടെ സ്വർണക്കടത്ത്

ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരും സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾക്ക് സംശയമുണ്ടായതും,​ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാംസംഘം. ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കൾ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല.

ഡി.ആർ.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയിൽ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവർ അർജ്ജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തിൽ ഒട്ടേറെ പാളിച്ചകൾ ഉള്ളതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോർജ്ജ് എന്നിവരുടെ ഹർജികളിലാണ് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്.

82 ലക്ഷത്തിന്റെ ‌പോളിസി

മരിക്കുന്നതിന് എട്ടുമാസം മുൻപ് ബാലുവിന്റെ പേരിൽ 82 ലക്ഷം രൂപയുടെ എൽ.ഐ.സി പോളിസി എടുത്തതായും വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പരും ഇ-മെയിലും പോളിസിയിൽ ചേർത്തെന്നും പരാതിയുണ്ടായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തായ ഇൻഷ്വറൻസ് ഡെവലപ്‌മെന്റ് ഓഫീസർ മുഖേനയാണ് പോളിസി എടുത്തതെന്നും ഇതിൽ സംശയകരമായി ഒന്നുമില്ലെന്നും സിബിഐ കണ്ടെത്തി.

ഉത്തരം തേടുന്ന ചോദ്യങ്ങൾ
 തൃശൂരിൽ മുറിയെടുത്തിരുന്ന ബാലു, സംഗീതസംവിധായകൻ അക്ഷയ് വർമ്മയെ കാണാനായാണ് തിടുക്കത്തിൽ തിരുവനന്തപുരത്തേക്കു പോയതെന്നാണ് മൊഴികൾ. അക്ഷയ് വർമ്മ ഇതു നിഷേധിച്ചത് ദുരൂഹമായി.

 സ്വർണക്കടത്ത് കേസിൽ 2019-ൽ പ്രകാശൻ തമ്പിയുടെ വീട് റെയ്ഡ്ചെയ്ത ഡി.ആർ.ഐ ബാലുവിന്റെ രണ്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. പൊലീസിൽ നിന്ന് കൈപ്പറ്റിയ ഇവ ബാലുവിന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല.

 അപകടം നടന്ന സ്ഥലത്തിനടുത്തുള്ള എ.ടി.എമ്മിൽ നിന്ന് അപകടത്തിന് ഏതാനും മണിക്കൂർ മുമ്പ് പ്രകാശൻ തമ്പി 25,000 രൂപ പിൻവലിച്ചു. ഡോക്ടർമാരുടെ വാക്കു കേൾക്കാതെ ബാലുവിനെ മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലാക്കി.

 യാത്രയ്ക്കിടെ ബാലഭാസ്കർ ജ്യൂസ് കഴിച്ച കൊല്ലത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങൾ തമ്പി ടെക്നീഷ്യനുമായെത്തി പരിശോധിച്ചു. ബാലഭാസ്കർ മരിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പെരുമാറ്റം നാടകീയവും സംശയകരവും.

 ബാലഭാസ്കറിന്റെ ഫോൺ സെപ്തംബർ 25ന് രാവിലെ 7.14-ന് മംഗലപുരം സ്റ്റേഷൻ പരിധിയിൽ വച്ചും,​ രാവിലെ 7.35ന് പേട്ട ജംഗ്ഷനിൽ വച്ചും കാൾ സ്വീകരിച്ചതായി രേഖയുണ്ട്. ഈസമയം തമ്പി മംഗലപുരം, കഴക്കൂട്ടം ടവറുകളുടെ പരിധിയിലുണ്ടായിരുന്നു.

 ഡ്രൈവർ അർജുന് രണ്ട് എ.ടി.എം കവർച്ചാ കേസുകളടക്കം ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. 94 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചിരുന്ന അർജുൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. എന്നിട്ടും കുറഞ്ഞ പരിക്കുകളേയുണ്ടായുള്ളൂ.

അപകടമുണ്ടാക്കിയത് സ്വർണക്കടത്ത് സംഘമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കേസ് അട്ടിമറിക്കാൻ തുടക്കം മുതലേ ശ്രമമുണ്ടായി. പണമിടപാടുകൾ പരിശോധിച്ചില്ല. വിഷ്ണു എന്നയാൾ 50 ലക്ഷം രൂപ കടം വാങ്ങിയതായി സി.ബി.ഐ പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അതിലെ എല്ലാ രേഖകളും മായ്ച്ചിരുന്നു. കൊലക്കു​റ്റവും ഗൂഢാലോചനാ കു​റ്റവും ചുമത്തേണ്ട കേസാണിത്.

– സി.കെ ഉണ്ണി, ബാലുവിന്റെ പിതാവ്


Source link
Exit mobile version