കഞ്ചാവ് ബീഡി കത്തിക്കാൻ എക്‌സൈസ് ഓഫീസിൽ കയറി തീ ചോദിച്ചു; സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ കേസ്

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ എക്‌സൈസ് ഓഫീസിൽ കയറി തീ ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വർക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാർത്ഥികൾ എക്‌സൈസ് ഓഫീസിലേക്ക് കഞ്ചാവുമായി കയറിച്ചെന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ശേഷം അദ്ധ്യാപകർക്കൊപ്പം വിദ്യാർത്ഥികളെ വിട്ടയച്ചു. തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര പോകുന്ന സംഘത്തിലെ വിദ്യാർത്ഥികളാണ് എക്‌സൈസ് ഓഫീസിലേക്ക് കയറിച്ചെന്നത്.

അദ്ധ്യാപകർക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ഓഫീസിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാർത്ഥികൾ കാട് പിടിച്ച ഒരു കെട്ടിടത്തിന് സമീപത്തേക്ക് പോയി. ആ കെട്ടിടം എക്‌സൈസ് ഓഫീസാണെന്ന് വിദ്യാർത്ഥികൾക്ക് അറിയില്ലായിരുന്നു. നിരവധി വാഹനങ്ങൾ അവിടെ കൂട്ടിയിട്ടിരുന്നു. ഇവിടെ വച്ചാണ് വിദ്യാർത്ഥികൾ കഞ്ചാവ് ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടെ ഒരു കെട്ടിടത്തിന്റെ വാതിൽ തുറന്ന് തീപ്പെട്ടി ചോദിച്ചപ്പോഴാണ് അതൊരു എക്‌സൈസ് ഓഫീസാണെന്ന് വിദ്യാർത്ഥികൾക്ക് മനസിലായത്. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും കഞ്ചാവ് ലഭിക്കുന്നത്.

അഞ്ച് ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും ഇവ നിറയ്ക്കാനുള്ള പേപ്പറുകളും എക്‌സൈസ് ഇവരുടെ കയ്യിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ എക്‌സൈസിന് ഇവരെ അധിക നേരം കൈവശം വയ്ക്കാൻ സാധിക്കില്ല. അതുകൊണ്ട് കേസ് എടുത്ത് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. കൗൺസിലിംഗ് നടത്തി വിദ്യാർത്ഥികളുടെ മാതാപിതാക്കളെ അടക്കം വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്.


Source link
Exit mobile version