റെയിൽവെയുടെ ദീപാവലി സമ്മാനത്തിൽ ഞെട്ടി യാത്രക്കാർ; ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയിൽ വിപ്ലവം സൃഷ്ടിച്ച ട്രെയിനുകളിൽ ഒന്നാണ് വന്ദേഭാരത്. വിമാനയാത്രയോടൊപ്പം കിടപിടിക്കുന്ന ലെവലിലേക്ക് എത്തിക്കാൻ വന്ദേഭാരതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഇന്ന് തിരക്കുളള മിക്ക റൂട്ടുകളിലും വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ദീപാവലിക്ക് ഇന്ത്യൻ യാത്രക്കാർക്ക് പുത്തൻ സമ്മാനം ഒരുക്കിയിരിക്കുകയാണ് റെയിൽവെ. ഈ ദീപാവലിക്ക് ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസിനൊരുങ്ങുകയാണ്.
ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഉത്തർപ്രദേശ് വഴിയാണ് പുതിയ പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്. ഒക്ടോബർ 30 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും ടിക്കറ്റ് ബുക്കിംഗ് ഇതിനകം തുടങ്ങിയെന്നും റെയിൽവെ അറിയിച്ചു. ഇപ്പോൾ സർവീസ് നടത്തുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് എക്സ്പ്രസ് റൂട്ടാണിത്. ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് പ്രകാരം ന്യൂഡൽഹി- പാറ്റ്ന വന്ദേ ഭാരത് 1,000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. നേരത്തെ, വന്ദേ ഭാരത് എക്സ്പ്രസിന്റെ ഏറ്റവും ദൈർഘ്യമേറിയ ദൂരം ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് 771 കിലോമീറ്ററായിരുന്നു.
പുതിയ ഡൽഹി- പാറ്റ്ന വന്ദേഭാരത് എക്സ്പ്രസ് യാത്ര പൂർത്തിയാക്കാൻ 11.35 മണിക്കൂർ ആവശ്യമാണ്. പാടലിപുര ജംഗ്ഷനിലൂടെ കടന്നപോകുന്ന ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് 11.55 മണിക്കൂറും ന്യൂഡൽഹി-രാജേന്ദ്ര നഗർ (പാറ്റ്ന) തേജസ് രാജധാനി 11.30 മണിക്കൂറും എടുക്കും. ന്യൂഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്ക് എല്ലാ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പാറ്റ്നയിൽ നിന്ന് ഡൽഹിയിലേക്കും വന്ദേ ഭാരത് സ്‌പെഷ്യൽ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന്, ട്രെയിൻ രാവിലെ 8.25 ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാറ്റ്നയിലെത്തും. പാറ്റ്നയിൽ നിന്ന് രാവിലെ 07:30 ന് പുറപ്പെട്ട് വൈകന്നേരം 7 മണിക്ക് ഡൽഹിയിൽ എത്തിച്ചേരും.
ന്യൂഡൽഹി-പാറ്റ്ന വന്ദേ ഭാരത് സ്‌പെഷ്യൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസില്ല, മറിച്ച് ചെയർ കാർ സീറ്റുകളാണ്. എസി ചെയർ കാർ ടിക്കറ്റിന് ഒരാൾക്ക് 2,575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റിന് 4,655 രൂപയുമാണ് നിരക്ക്. പ്രത്യേക വന്ദേ ഭാരത് ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് കാൺപൂർ സെൻട്രൽ, പ്രയാഗ്രാജ് ജംഗ്ഷൻ, ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ, ബക്സർ, ആരാ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ചെയ്ത് പാറ്റ്ന ജംഗ്ഷനിൽ എത്തും.
Source link