പൊലീസും എക്സൈസും ഒരുമിച്ചിട്ടും രക്ഷയില്ല, സന്ധ്യ മയങ്ങിയാൽ ആദിവാസി ഊരുകളിൽ ലഹരി വിപണി
പാലോട്: ആദിവാസി മേഖലയുടെ സംരക്ഷണത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും പിടിവിടാതെ ലഹരിസംഘം. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലും യുവതീയുവാക്കളുടെ ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്. പ്രശ്നത്തിന് പരിഹാരമായി ആദിവാസികൾക്ക് ആവശ്യമായ ബോധവത്കരണവും കൗൺസലിംഗും നൽകാൻ അധികാരികൾ തയാറാകാത്തതാണ് പ്രധാനപ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 18 നും 25നും മദ്ധ്യേ പ്രായമുള്ളവരിൽ 17ഓളം പേരാണ് ആത്മഹത്യ ചെയ്തത്.
പാലോട് സർക്കാർ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡി അഡിക്ഷൻ യൂണിറ്റ് ഡോക്ടർ നിയമനം നടത്താതെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ഇതിനു വേണ്ട നടപടി സ്വീകരിച്ചാൽ ഒരു പരിധിവരെയെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രധാന വില്ലൻ ലഹരി
പൊലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തി നിരവധിപേരെ പിടികൂടിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ലഹരിസംഘങ്ങൾ സജീവമാണ്. നന്ദിയോട്, പെരിങ്ങമ്മല,പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് സന്ധ്യ മയങ്ങിയാൽ ആദിവാസി ഊരുകളിൽ വിപണി ഒരുങ്ങും. രാത്രിയായാൽ ഭീതിയോടെയാണ് പ്രദേശത്തുള്ളവർ കഴിയുന്നത്.
വില്പന സജീവം
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരിസംഘങ്ങൾ സജീവമാണ്. ഇവരിൽനിന്നും സാധനങ്ങൾ വാങ്ങിഉപയോഗിക്കുന്നവർ പിന്നെ കാട്ടിക്കൂട്ടുന്ന വിക്രിയകളും ചെറുതല്ല. ആദിവാസി ഊരുകളോട് ചേർന്ന് വ്യാപാരം നടത്തുന്ന വ്യാജവാറ്റ് വാങ്ങിയശേഷം ഇവിടുത്തെ തന്നെ സ്ത്രീകളെയും കുട്ടികളേയും ശല്യംചെയ്യുന്നതായും പരാതിയുണ്ട്. റോഡിലിറങ്ങിയാലും പ്രശ്നമാണ്. ബൈക്കിൽ ചീറിപ്പാഞ്ഞുവരുന്ന ഇവരെക്കണ്ടാൽ മറ്റ്‌യാത്രക്കാർ മാറിനിൽക്കേണ്ട അവസ്ഥ.
എക്സൈസ് ഓഫീസ് വെറും പ്രഖ്യാപനം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും എങ്ങുമെത്തിയില്ല. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
നടപടി ശക്തം
ആദിവാസി മേഖലകൾ ഉൾപ്പെടെ ലഹരിക്കെതിരെയുള്ള പരിശോധന ശക്തമാക്കി പൊലീസ്. വീട്ടിൽ സൂക്ഷിച്ചിരുന്ന 14 കിലോയോളം കഞ്ചാവും പുരയിടത്തിൽ കുഴിച്ചിട്ടിരുന്ന വ്യാജ ചാരായവുമുൾപ്പെടെ പിടികൂടിയത് അടുത്തിടെയാണ്. വനമേഖലയോട് അടുത്ത പ്രദേശങ്ങളാണ് ഇത്തരം സംഘങ്ങളുടെ താവളം.
വനം, പൊലീസ്, എക്സൈസ്, ട്രൈബൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ ആദിവാസി മേഖലയിലും മറ്റ് ഗ്രാമീണ മേഖലയിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കഴിയില്ലെന്നതാണ് വാസ്തവം. റസിഡന്റ്സ് അസോസിയേഷനുകളുടെകൂടി സഹകരണത്തോടെ ഇത്തരം സംഘങ്ങൾക്കെതിരെ നടപടിയെടുക്കണം. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഫലം.
ശൈലജാ രാജീവൻ
പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്,
നന്ദിയോട്
Source link