രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായയ്ക്കും; വിൽപത്രത്തിൽ ഇടംനേടി ശന്തനുവും – Ratan Tata Will | Pet Dog | Tito | Shantanu Naidu | Latest News | Manorama Online
രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായയ്ക്കും; വിൽപത്രത്തിൽ ഇടംനേടി ശന്തനുവും
ഓൺലൈൻ ഡെസ്ക്
Published: October 25 , 2024 08:13 PM IST
1 minute Read
രത്തൻ ടാറ്റ വളർത്തുനായകൾക്കൊപ്പം (ഇടത്), രത്തൻ ടാറ്റയും വളർത്തുനായ ടിറ്റോയും (വലത്). ചിത്രം: Instagram
മുംബൈ∙ ടാറ്റയുടെ മുൻ അമരക്കാരന്‍ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടംപിടിച്ച് വളർത്തുനായയും. ഒക്ടോബർ ഒൻപതിന് അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ ഒരു വിഹിതമാണ് വളർത്തുനായയായ ടിറ്റോയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.
സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജീഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു, പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം മാറ്റിവച്ചിട്ടുണ്ട്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാ സംരക്ഷിക്കണം. എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിന്റെ കമ്പനിയിലെ ഓഹരികളിലെ അവകാശം ടാറ്റ ഉപേക്ഷിച്ചു. ശന്തനുവിന്റെ ഉപരിപഠനത്തിനായി ചെലവഴിച്ച തുകയും എഴുതിത്തള്ളി.
ടാറ്റയുടെയും ശന്തനുവിന്റെയും സൗഹൃദം എപ്പോഴും ചർച്ചയായിരുന്നു. നായ സ്നേഹമാണ് ഇരുവരെയും അടുപ്പിച്ചത്. തെരുവുനായകൾ വാഹനം ഇടിച്ചു മരിക്കാതിരിക്കാൻ കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന വാറ് ശന്തനു കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. പിന്നീട് ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റായി. ടാറ്റ കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജരുമാണ്.
ടാറ്റയ്ക്ക് മുംബൈയിലുള്ള വീടുകളും 350 കോടിയോളംരൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടേഴ്സിലും മറ്റ് കമ്പനികളിലുമുള്ള ഷെയറുകളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശമുണ്ടായിരുന്ന മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്റെ പുണെയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും ബഹുമതിപത്രങ്ങളും ടാറ്റ സെർട്രൽ ആർക്കൈവ്സിലേക്ക് മാറ്റും. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
English Summary:
Ratan Tata Leaves Fortune to Beloved Dog, Close Friend, and the Future
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7f8fb2tiuk21a98mb8u39d0hrv mo-news-common-sirratantatatrust mo-news-national-personalities-ratantata mo-news-common-mumbainews
Source link