KERALAM

‘ഡാന’ തീരം തൊട്ടു; ഒഡിഷയിലെ 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്, കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റ് തീരം തൊട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി ഒഡിഷ ഭരണകൂടം. പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ഭദ്രക്ക് ഉൾപ്പടെയുള്ള മേഖലകളിൽ ശക്തമായ മഴയും തുടരുകയാണ്. ഇതുവരെ ആളപായമില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ് മേഖലയിലുടനീളം കനത്ത മഴയും സൃഷ്ടിക്കുകയാണ്. ധമാര ജില്ലയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന കാറ്റ് വടക്കൻ ഒഡീഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറായി നീങ്ങുകയും ഇന്ന് ഉച്ചയോടെ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയ്ക്ക് പിന്നാലെ വൻസബ, ഭദ്രക്, ധമ്ര എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡാന ചുഴലിക്കാറ്റ് സാഹചര്യത്തിൽ ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയും ഭുവനേശ്വർ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെയും നിർത്തിവച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലൂടെയുള്ള 400ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഭുവനേശ്വറിലെ സ്റ്റേറ്റ് എമർജൻസി കൺട്രോൾ റൂമിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാന മന്ത്രിമാരും മറ്റ് എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും എല്ലാ ക്രമീകരണങ്ങളും നിലവിലുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഹൗറയിലെ കൺട്രോൾ റൂമിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യാഴാഴ്ച രാത്രി ഒഡിഷ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ഡാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കൊടുങ്കാറ്റിനെ നേരിടാൻ ഒഡിഷ സർക്കാരിന് കേന്ദ്രത്തിൽ നിന്നുള്ള എല്ലാ പിന്തുണയും സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി.

ഒഡിഷയിൽ, ദാന ചുഴലിക്കാറ്റിനെത്തുടർന്നുള്ള മുൻകരുതൽ നടപടിയായി ഇതുവരെ 5.84 ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി സർക്കാർ അറിയിച്ചു. പശ്ചിമ ബംഗാളിൽ 3.5 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

TAGS:
NEWS 360,
NATIONAL,
NATIONAL NEWS,
CYCLONE,
LATEST NEWS IN MALAYALAM,
WEATHER,
RAIN


Source link

Related Articles

Back to top button