ഇന്ത്യ വിവരങ്ങൾ നൽകി, ശ്രീലങ്കയിൽ ഭീകരാക്രമണം തുരത്തി
കൊളംബോ : ശ്രീലങ്കയിൽ ഇസ്രയേലി പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ നീക്കം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടലിലൂടെ തകർത്തു. ഇന്ത്യൻ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ അരുഗം ബേയിൽ നിന്ന് മൂന്ന് പേരെ ഇന്നലെ ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ വ്യക്തികളുടെ പേരടക്കമുള്ള നിർദ്ദിഷ്ട വിവരങ്ങൾ ഇന്ത്യ നൽകിയത് അറസ്റ്റ് വേഗത്തിലാക്കാൻ സഹായിച്ചു. അറസ്റ്റിലായവരിൽ ഒരാൾ ഇറാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നതാണെന്ന് സൂചനയുണ്ട്. ലെബനനിലെ ഹിസ്ബുള്ള നേതാക്കളെ ഇസ്രയേൽ വധിച്ചതിന്റെ പ്രതികാരമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ആക്രമണ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്രീലങ്ക അന്വേഷണം തുടങ്ങി.
ഭീഷണി കണക്കിലെടുത്ത് അരുഗം ബേയിൽ സുരക്ഷ ശക്തമാക്കി. പട്രോളിംഗിന് സൈന്യവും രംഗത്തുണ്ട്. അഹൻഗാമ, ഗാലെ, ഹിക്കടുവ, വെലിഗാമ, ബന്ദാരവേല എന്നിവിടങ്ങളും സുരക്ഷാ വലയത്തിലാണ്.
# ലക്ഷ്യം ചബാഡ് ഹൗസ് ?
അരുഗം ബേ- ഈസ്റ്റേൺ പ്രവിശ്യയിൽ അംപാര ജില്ലയിൽ
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബീച്ചുകൾ, കായലുകൾ, ചരിത്ര ക്ഷേത്രങ്ങൾ എന്നിവയാൽ സമ്പന്നം
പ്രധാന സർഫിംഗ് കേന്ദ്രം
ഇസ്രയേലി ടൂറിസ്റ്റുകളുടെ ഇഷ്ട ഡെസ്റ്റിനേഷൻ. ഹിബ്രു ഭാഷയിലെ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുള്ള ഭക്ഷണശാലകളും സ്പാകളും മറ്റും ഇവിടെ കാണാം
ജൂത മത വിശ്വാസികളുടെ കേന്ദ്രവും (ചബാഡ് ഹൗസ്) ഇവിടെയുണ്ട്. അക്രമികളുടെ ലക്ഷ്യം ഇവിടം ആകാം
# മുന്നറിപ്പുമായി രാജ്യങ്ങൾ
ശ്രീലങ്കയുടെ തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് എംബസികൾക്ക് ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ, യു.എസ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, റഷ്യ എന്നിവർ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റിന് മുന്നേയായിരുന്നു ഇത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് പൗരന്മാർ ഉടൻ ഒഴിയണമെന്നും കൂട്ടംചേരൽ പാടില്ലെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
# ഇന്ത്യ അന്നും പറഞ്ഞു…
2019 ഏപ്രിൽ 21ന് ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും കൊളംബോയിലെ മൂന്ന് ആഢംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനത്തിന് മുമ്പും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ശ്രീലങ്ക ഇത് അവഗണിച്ചു. ഐസിസ് ബന്ധമുള്ള ഒരു ഗർഭിണി അടക്കം ലങ്കൻ പൗരന്മാരായ ഒമ്പത് ചാവേറുകൾ നടത്തിയ സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരുൾപ്പെടെ 269 പേർ കൊല്ലപ്പെട്ടു.
Source link