സൗമ്യയുടെ സഹോദരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഒറ്റപ്പാലം: ഗോവിന്ദച്ചാമിയുടെ ക്രൂരതയ്ക്കിരയായി മരണപ്പെട്ട സൗമ്യയുടെ സഹോദരൻ സന്തോഷിനെ (36) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവളപ്പാറ കാരക്കാട്ടെ മുല്ലയ്ക്കൽ വീട്ടിലെ കിടപ്പുമുറിയിൽ സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ അമ്മ സുമതി കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 9.30ഓടെ വീട്ടിലെത്തിയ സന്തോഷ് മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. ഏറെ വൈകിയിട്ടും ഉണരാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ സുമതി വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാക്കുന്ന കത്തോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്നും ദുരൂഹതകൾ നിലവിൽ പറയാനാവില്ലെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ മരണത്തെ തുടർന്ന് 2012ൽ സർക്കാർ സന്തോഷിന് റവന്യു വകുപ്പിൽ ജോലി നൽകിയിരുന്നു. ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡറാണ്. പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്രി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. ഭാര്യ: നിമിഷ. മകൻ: നിഹാൻ.
Source link