88 വയസിലും പുലി ; കേസ് സ്വയം വാദിച്ച് സരസ്വതീദേവി
കൊച്ചി: നിഷേധിക്കപ്പെട്ട നീതിക്കായി നീതിദേവതയുടെ മുന്നിൽ 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ സരസ്വതീ ദേവി. പ്രായത്തിന്റെ അവശതയിലും കോടതിയിൽ പുലിയാണ്.
കൊല്ലം സ്‌പെഷ്യൽ തഹസിൽദാരായി 33 വർഷം മുമ്പ് വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗികമായി നിഷേധിക്കപ്പെട്ടതാണ് വടക്കൻപറവൂർ സ്വദേശി എ. സരസ്വതീദേവിയെ നിയമയുദ്ധത്തിന് ഇറക്കിയത്.
2023 മാർച്ചിൽ തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആനുകൂല്യങ്ങൾ അനുവദിച്ചതാണ്. സർക്കാർ നടപ്പാക്കിയില്ല.
സരസ്വതീദേവി വിട്ടില്ല. അക്കൗണ്ടന്റ് ജനറലിനെ എതിർകക്ഷിയാക്കി എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകി. അതാണ് തനിയെ വാദിക്കുന്നത്. അടിസ്ഥാന അവകാശങ്ങളുടെ ലംഘനം, രേഖകളുണ്ടായിട്ടും അംഗീകരിക്കാത്തത് ചട്ടലംഘനം, വൈകുന്ന നീതി, നീതിനിഷേധം എന്നിങ്ങനെയാണ് വാദങ്ങൾ. മുമ്പ് വക്കീലുണ്ടായിരുന്നു. ഇപ്പോൾ തനിച്ചാണ് പോരാട്ടം. കേസും നിയമങ്ങളും സ്വയം പഠിക്കും.
1991ൽ വിരമിച്ചപ്പോൾ ലഭിച്ച പണംകൊണ്ട് ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാങ്ങിയ ചെറിയ വീട്ടിലാണ് താമസം. ഡ്രൈവറുൾപ്പെടെ മൂന്ന് സഹായികളുണ്ട്.
ഭർത്താവ് ടി.എൻ.ആർ മേനോൻ കുണ്ടറ അലിൻഡിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ ഔദ്യോഗിക ജീവിതം കൂടുതലും കൊല്ലത്തായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചു. ഇടയ്ക്ക് മക്കളുടെ അടുത്തുപോകും. തിരുവനന്തപുരം എം.ജി കോളേജ് റിട്ട. അദ്ധ്യാപകൻ മോഹനകൃഷ്ണൻ, ആനന്ദവല്ലി, സുജയ എന്നിവരാണ് മക്കൾ.
കേസിന്റെ വഴി
1990 ആഗസ്റ്റ് 23ന് തഹസിൽദാർ ആയി പ്രൊമോഷൻ കിട്ടിയപ്പോൾ ശമ്പളം 2640 രൂപ കിട്ടേണ്ടതായിരുന്നു. സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് നിശ്ചയിച്ചതിലെ അപാകത കാരണം കിട്ടിയത് 2310 രൂപയാണ്. ബാക്കി തുകയും ആനുപാതികമായ പെൻഷൻ ആനുകൂല്യങ്ങളും കിട്ടണമെന്നാണ് ആവശ്യം. പരമാവധി വേതനം നൽകിയെന്നായിരുന്നു സർക്കാർ വാദം. ചട്ടം പിന്നീട് ഭേദഗതി ചെയ്തെന്ന സരസ്വതീദേവിയുടെ വാദം തിരുവനന്തപുരം ട്രൈബ്യൂണൽ ശരിവച്ചു. എന്നിട്ടും തുക അനുവദിച്ചില്ല.
കളക്ടറേറ്റിലടക്കം പലതവണ കയറിയിറങ്ങിയിട്ടും ഫലമില്ലാതായപ്പോഴാണ് കോടതിയെ സമീപിച്ചത്. പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ്
നിയമയുദ്ധം.
സരസ്വതീദേവി
Source link