മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് സ്ഥിരീകരിച്ച് ദുൽഖർ സല്‍മാൻ. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന പുതിയ സിനിമകളിലാകും നായകനായി ദുൽഖർ എത്തുക. ‘ലക്കി ഭാസ്കർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.
DQ himself confirmed both Soubin directorial & Nahas directorial. Another new comer film also is in the lines he added.Even with all these announcements, the best is yet to come. Wait for it guys..!!Mollywood’s own #DulquerSalmaan is finally back..!!! pic.twitter.com/tAcHEoPTTs— Mollywood BoxOffice (@MollywoodBo1) October 24, 2024
പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക് തോന്നുന്നില്ല എന്ന് ദുൽഖർ പറഞ്ഞു. ‘‘ഉടൻ തന്നെ മലയാളം പടമുണ്ടാകും. എല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. നഹാസിന്റെ സിനിമ ഞാൻ കൺഫോം ചെയ്യുകയാണ്. അതുപോലെ സൗബിനൊപ്പമുള്ള സിനിമയും ഞാൻ കൺഫോം ചെയ്യുകയാണ്. അതിനൊപ്പം ഒരു പുതുമുഖ സംവിധായകന്റെ സിനിമയുമുണ്ട്. അത് നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രമാണ്.’’– ദുൽഖർ വ്യക്തമാക്കി.
2023 ൽ പുറത്തിറങ്ങിയ ‘കിങ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഇതിനിടയിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ചിത്രം ‘കൽക്കി 2898’ എഡിയിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു. അപ്പോഴും ആരാധകർ കാത്തിരുന്നത് ദുൽഖർ സൽമാന്റെ മലയാള സിനിമയ്ക്കു വേണ്ടിയായിരുന്നു.
‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. വാത്തി എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്.