തോമസിന് കുരുക്ക്: രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം, ക്ഷണം ബിജെപി സഖ്യകക്ഷിയാകാൻ

തിരുവനന്തപുരം: എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റുന്നതിനായി പണം വാഗ്ദാനം ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് എൻസിപി (ശരദ് പവാർ) എംഎൽഎ തോമസ് കെ തോമസിന് മന്ത്രിസഭ പ്രവേശനം മുഖ്യമന്ത്രി അനുവദിക്കാതിരുന്നതെന്ന് റിപ്പോർട്ട്. തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എംഎൽഎമാരെ കൂറുമാറ്റം നടത്താൻ നീക്കം നടത്തിയെന്നാണ് പരാതി. ഈ ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം നിഷേധിച്ചുകൊണ്ട് ഒരു കത്ത് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

എംഎൽഎമാരായ ആന്റണി രാജു( ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി- ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ ചേരാനായിരുന്നു ക്ഷണിച്ചത്. പിണറായി ഇക്കാര്യം ആന്റണി രാജുവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം വിവരം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഓർമ്മയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി.

കഴിഞ്ഞതിന് മുമ്പത്തെ നിയമസഭ സമ്മേളന സമയത്ത് എംഎൽഎമാരുടെ ലോബിയിലേക്ക് ക്ഷണിച്ച് ഇരുവർക്കും പണം വാഗ്ദാനം ചെയ്തെന്ന വിവരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. മന്ത്രിസഭ പ്രവേശന നീക്കങ്ങളോട് എൻസിപിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങൾ മുഖം തിരിച്ചതിൽ തോമസ് കെ തോമസ് നിരാശനായിരുന്നു. ഈ സമയത്താണ് കൂറുമാറ്റം നീക്കം നടത്തിയത്. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം ലഭിക്കുമെന്നാണ് തോമസ് കെ തോമസ് അറിയിച്ചതെന്ന് ആന്റണി രാജു മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാൽ താൻ എൽഡിഎഫിന്റെ ഭാഗമാണെന്നും അതുവിട്ട് മറ്റൊന്നിലേക്കുമില്ലെന്ന മറുപടി നൽകിയെന്നും ആന്റണി രാജു അറിയിച്ചു.

എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്ത് പവാറിന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ വാഗ്ദാനം എന്നാണ് വിലയിരുത്തുന്നത്. എൽഡിഎഫ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ബിജെപിയുടെ ഭാഗമാക്കാൻ ശ്രമിച്ച നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. പിന്നീട് എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപിയുടെ ആവശ്യം തള്ളുമ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് സൂചനയും നൽകി. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശരദ് പവാറിനോട് തോമസ് വിശദീകരിച്ചെന്നാണ് വിവരം.


Source link
Exit mobile version