‘1000 ബേബീസിന്റെ കഥ നോവലിൽ നിന്നോ ?’ വിവാദത്തിൽ വിശദീകരണം
ഡിസ്നി ഹോട്ട്സ്റ്റാറില്‍ ഇറങ്ങിയ‘1000 ബേബീസ്’എന്ന വെബ് സീരിസും നോവലായ ‘സനാരിയും’ തമ്മിലുള്ള സാമ്യത്തിന്റെ കാരണത്തിൽ വ്യക്തത വരുത്തി നോവലിന്റെ രചയിതാവായ മാനുവൽ ജോർജ്. രണ്ടും തമ്മിൽ സാമ്യമുണ്ടെന്നും എന്നാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും മാനുവൽ ജോർജ് പറയുന്നു.
മാനുവൽ ജോർജിന്റെ വാക്കുകൾ;
2023 ഓഗസ്റ്റിലാണ് എന്റെ നോവലായ ‘സനാരി’ മനോരമ ബുക്സ് പുറത്തിറക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ പ്രിയ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ പ്രശസ്ത എഴുത്തുകാരന് ടി.ഡി.രാമകൃഷ്ണന് ‘സനാരി’യെ, ‘അദ്ഭുതപ്പെടുത്തുന്ന നോവല്‍’ എന്നു വിശേഷിപ്പിച്ച ശേഷം, ഒരു കാര്യം എടുത്തുപറഞ്ഞു. സനാരിയില്‍ പറയുന്നതു പോലൊരു ക്രൈം, ലോകത്ത് യഥാര്‍ഥ ക്രിമിനലുകളുപോലും ചിന്തിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു അത്. എന്റെ ക്രിമിനല്‍ മൈന്‍ഡ് ആലോചിച്ചു കൂട്ടിയെടുത്ത ക്രൈം അതിഭീകരമാണല്ലോ എന്നൊരു കുറ്റബോധവും അതേസമയംതന്നെ, തെല്ലൊരു അഭിമാനബോധവും അത് എന്നില്‍ നിറച്ചു.
എന്നാല്‍, കഴിഞ്ഞ ദിവസം ഡിസ്നി ഹോട്ട്സ്റ്റാറില്‍ ഇറങ്ങിയ 1000 ബേബീസ് #1000babies എന്ന വെബ് സീരിസ് കണ്ടതോടെ എന്റെ കുറ്റബോധം പൂര്‍ണമായി മാറി. എന്നെപ്പോലെ ചിന്തിക്കുന്ന ‘ക്രിമിനല്‍ മൈന്‍ഡുള്ള’ ആളുകള്‍ വേറെയുമുണ്ട് എന്ന് ഉറപ്പായിരിക്കുന്നു. സനാരിയിലെ കുറ്റകൃത്യത്തിന്റെ ആശയം എന്റെ മനസ്സില്‍ ആദ്യമായി രൂപപ്പെടുന്നത് ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആദ്യമായി ആ ‘ക്രിമിനല്‍ ആശയം’ പങ്കുവച്ചത് പ്രിയസുഹൃത്ത് സുദീപ് സാം വര്‍ഗീസിനോടാണ്. വെബ് സീരിസ് കണ്ട് സുദീപ് ഇന്നലെ വിളിച്ചപ്പോള്‍, ആ വര്‍ഷം ഏതായിരുന്നുവെന്ന് കൃത്യമായി ഓര്‍ത്തുപറഞ്ഞു. 2003. അതായത്, 21 വര്‍ഷം മുന്‍പ് !!
വിചിത്രമായ കുറ്റകൃത്യത്തിന്റെ ഐഡിയ കേട്ടപ്പോള്‍, അങ്ങനെയൊരു പ്രമേയം നോവലുകളിലോ സിനിമകളിലോ വന്നിട്ടില്ലെന്ന് സുദീപ് ഉറപ്പിച്ചു പറഞ്ഞു. എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു. അതോടെ, ആ കുറ്റകൃത്യം ഏതെങ്കിലും ഒരു കഥാപാത്രത്തെക്കൊണ്ട് ചെയ്യിക്കാനുള്ള ആലോചനയിലായി ഞാന്‍. സിനിമയാക്കണോ നോവലാക്കണോ എന്ന ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവുംമൂലം കുറെ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തിയ കഥാപാത്രങ്ങളിലൊന്നിനെ തൃശൂര്‍ കോഫി ഹൗസിനു മുന്നിലെ വരാന്തയില്‍ നേരിട്ടു കാണുന്നതോടെയാണ് നോവലാക്കാം എന്നു തീരുമാനമെടുത്തതും എഴുതിത്തുടങ്ങിയതും.
ഏതാണ്ട് 2010 കാലത്താണ് അത്. കുറെ അധ്യായങ്ങള്‍ ഒറ്റയടിക്ക് എഴുതി. പക്ഷേ, പത്രപ്രവര്ത്തനജോലിത്തിരക്കുകളും സുഹൃത്ത് സണ്ണി ജോസഫിനൊപ്പം ചേർന്നെഴുതിയ രണ്ടു സിനിമകളുടെ തിരക്കഥാരചനയുംമൂലം നോവലെഴുത്തു മുടങ്ങി. നോവലിനു പകരം സിനിമയാക്കിയാലോ എന്ന മട്ടില്‍ ചില ചര്‍ച്ചകളും ആ സമയത്ത് നടത്തിയതായി ഓര്‍ക്കുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. സമയം വെറുതെ കടന്നുപോയി.
ഭാര്യയും അടുത്ത സുഹൃത്തുക്കളും ‘ആ കുറ്റകൃത്യം’ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ എന്നെ ഇടയ്ക്കിടെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് നോവല്‍ വീണ്ടുമെടുത്തതും എഴുതി പൂര്‍ത്തിയാക്കിയതും മനോരമ ബുക്സിനു നല്കിയതും.
പറഞ്ഞുവന്നത് ആയിരം കുട്ടികളെപ്പറ്റിയാണ്. 1000 ബേബീസ് വെബ് സീരിസിലെ ആ കുറ്റകൃത്യം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. രണ്ടു ദിവസമായി എനിക്ക് നിര്‍ത്താതെ കോളുകളാണ്. എന്താണ് സംഭവിച്ചത് ? സനാരിയുടെ കഥ വെബ് സീരീസുകാര് അടിച്ചുമാറ്റിയതാണോ ? അതോ അവര്‍ക്ക് കൊടുത്തതാണോ ? കേസ് കൊടുക്കുന്നുണ്ടോ ? ഇങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍ സുഹൃത്തുക്കളും സനാരിയുടെ വായനക്കാരും ചോദിക്കുന്നു. എല്ലാവരോടും ഒരേ മറുപടിയാണ് പറഞ്ഞത്. അവര്‍ എന്റെ നോവല്‍ മോഷ്ടിച്ചതാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം, സനാരി പുറത്തിറങ്ങുന്ന സമയത്തുതന്നെ 1000 ബേബീസ് ഷൂട്ടിങ് തുടങ്ങിയിരുന്നു. വര്‍ഷങ്ങളെടുത്താണ് ഞാന്‍ നോവലെഴുതിയതെങ്കില് വെബ് സീരീസുകാരും അതുപോലെതന്നെ സമയമെടുത്തിട്ടുണ്ടാവുമല്ലോ. അപ്പോള്‍ അങ്ങനെ ആരോപിക്കുന്നതു ശരിയാവില്ല. പിന്നെയെന്താണ് സംഭവിച്ചത്?
ഒരുപാട് യാദൃശ്ചികതകള്‍ തോന്നുന്നു.
1. ഞാന്‍ ആലോചിച്ചെടുത്ത ക്രൈം, അതേപോലെ മറ്റൊരു കഥാകൃത്തിന്റെ മനസ്സിലും എത്തുന്നു എന്നതാണ് യാദൃശ്ചികതയില്‍ ഒന്നാമത്തേത്. അതില്‍ അസ്വാഭാവികത ഉണ്ടോ ? ഇല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്കു ചിന്തിച്ചെടുക്കാവുന്ന ഒരു കാര്യം മറ്റുള്ളവര്‍ക്കും ചിന്തിക്കാവുന്നതേയുള്ളു. അങ്ങനെ പാടില്ല എന്നൊന്നുമില്ലല്ലോ ? (അടിസ്ഥാന ആശയത്തില്‍ മാത്രമാണ് സാമ്യം. കഥ മറ്റൊന്നാണ്. സീരിയല്‍ കില്ലറായ കുറ്റവാളിയെ തേടിയാണ് വെബ് സീരീസിലെ നായകന് നടക്കുന്നത്. എന്റെ നോവലില്‍ കുറ്റവാളിയെയല്ല, കുറ്റത്തെയാണ് തിരയുന്നത്. വേറൊരു പശ്ചാത്തലം, വേറൊരു രാഷ്ട്രീയം, കഥ.)
മികച്ച രാഷ്ട്രീയ നോവല്‍ എന്നാണ് എഴുത്തുകാരി സുധാ മേനോന് സനാരിയെ വിശേഷിപ്പിച്ചത്. ആ രാഷ്ട്രീയം വെബ് സീരീസ് പറയുന്നില്ല. സ്ത്രീപക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ നോവല്‍ എന്ന് എഴുത്തുകാരി ജിസാ ജോസും സനാരിയെ വിളിച്ചു. അങ്ങനെയൊരു സ്ത്രീപക്ഷം വെബ് സീരീസിലില്ല. മതവര്‍ഗീതയുടെ മുഖംമൂടി പൊളിക്കുന്നു എന്ന് യുവകഥാകൃത്ത് പി.ജിംഷാര്‍ സനാരിയെക്കുറിച്ച് എഴുതി. 1000 ബേബീസില്‍ അങ്ങനെ മതരാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല. ഇങ്ങനെയൊക്കെ ചിന്തിച്ചും യാദൃശ്ചികത എന്നുറപ്പിച്ചും ഞാനിപ്പോള്‍ സമാധാനിക്കുന്നു.
2. വെബ് സീരീസിലെ നായകന് റഹ്മാനാണ് എന്നതാണ് മറ്റൊരു യാദൃച്ഛികത. കുട്ടിക്കാലത്തെ ഇഷ്ടതാരം ജീവിതത്തില്‍ അടുത്ത സുഹൃത്തായി മാറിയ യാദൃശ്ചികത നേരത്തെ തന്നെയുണ്ട്. സനാരിയിലെ രാജ്മോഹന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടത് റഹ്മാനെ മാത്രമാണ്. എന്നെങ്കിലും സനാരി സിനിമയായാല്‍ ആ വേഷത്തില്‍ റഹ്മാന് വേണമെന്നും ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ഏതാണ്ട്, സമാനമായ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായി 1000 ബേബീസില്‍ റഹ്മാന് തന്നെ വരുന്നു. ഇത് യാദൃച്ഛികതയല്ലെന്ന് എങ്ങനെ പറയാനാവും?
3. സനാരി പുറത്തിറങ്ങുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ ഇതേ വെബ് സീരീസിന്റെ സെറ്റില്‍ ഞാന്‍ എന്റെ സുഹൃത്ത് ഡോ ബിബിന്‍ പി. മാത്യുവിനൊപ്പം പോയി എന്നതാണ് മറ്റൊരു യാദൃശ്ചികത. റഹ്മാനുമൊത്ത് കുറെ സമയം ചെലവഴിച്ചു. അന്നാണ് സനാരിയുമായി സീരിസിന്റെ പ്രമേയത്തിനു സാമ്യമുണ്ടെന്ന സൂചന എനിക്ക് കിട്ടുന്നത്. ഉള്ളില്‍ പേടി തോന്നിയെങ്കിലും സീരിയല്‍ കില്ലിങ്ങാണ് പ്രമേയം എന്നറിഞ്ഞതോടെ, ആശ്വസിച്ചു. എന്റെ നോവലില്‍ അതൊന്നുമില്ലല്ലോ എന്നു സമാധാനിക്കുകയും ചെയ്തു. പുസ്തകം പുറത്തിറങ്ങി ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞു. രണ്ടാം പതിപ്പിലേക്ക് എത്തുകയും ചെയ്തു.
ഇന്നലെയാണ് 1000 ബേബീസ് കണ്ടത്. 1000 ബേബീസിലെ ക്രൈമും സനാരിയിലെ ക്രൈമും തമ്മില്‍ അതിശയകരമായ വിധത്തില്‍ സാമ്യമുണ്ട് എന്ന് കണ്ടു ബോധ്യപ്പെട്ടു. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന്, മുകളില്‍ പറഞ്ഞതല്ലാതെ മറ്റു ഉത്തരങ്ങള്‍ എനിക്കില്ല. പുസ്തകവും വെബ് സീരീസും ആസ്വാദകര്‍ വിലയിരുത്തട്ടെ. അതാവും നല്ലത്.
1000 ബേബീസിന്റെയും സനാരിയുടെയും അടിസ്ഥാന ആശയത്തിലെ സാമ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയെങ്കിലും വെബ് സീരീസ് നല്ലതുപോലെ ഇഷ്ടപ്പെട്ടു എന്നു പറയാതെവയ്യ. സംവിധാന മികവും ഛായാഗ്രഹണ മികവും പശ്ചാത്തലസംഗീതവും എല്ലാറ്റിനുമുപരി റഹ്മാന്റെയും സഞ്ജു ശിവറാമിന്റെയും നീന ഗുപ്തയുടെയും അഭിനയവും. മലയാളത്തിലെ ഏറ്റവും മികച്ച വെബ് സീരിസ് എന്ന് നിസ്സംശയം പറയാം. വിരലുകള്‍ ചലിപ്പിക്കുന്നതുപോലെയുള്ള ചെറിയ കാര്യങ്ങളില്‍പോലും കഥാപാത്രത്തിനു റഹ്മാന് നല്കിയ മാനറിസങ്ങള്‍ സൂക്ഷ്മാഭിനയത്തിന്റെ മികച്ച ഉദാഹരണമായി തോന്നി. ഇന്ത്യ മുഴുവന്‍ സീരീസ് ചര്‍ച്ച ചെയ്യപ്പെടുന്നതും റഹ്മാന് വീണ്ടും സജീവമാകുന്നതും ഒരുപാട് സന്തോഷം തരുന്ന കാര്യം തന്നെയാണ്. സംവിധാകയന് നജീം കോയയ്ക്കും 1000 ബേബീസ് ടീമിനും സനാരിയിലെ ‘ക്രിമിനലിന്റെ’ അഭിനന്ദനങ്ങള്‍”
Source link