കുരുക്കു മുറുകി, പി.പി. ദിവ്യയുടെ വാദങ്ങൾ പൊളിഞ്ഞു, മുൻകൂർ ജാമ്യാപേക്ഷ വിധി 29ന്

തിരുവനന്തപുരം/തലശ്ശേരി: എ.ഡി.എം എന്ന നിലയിൽ യാതൊരു വിഴ്ചയും നവീൻബാബുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന വകുപ്പുതല അന്വേഷണ റിപ്പോ‍‌ർട്ട് പി.പി.ദിവ്യയ്ക്ക് കൂടുതൽ കുരുക്കാവും. ദിവ്യയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായതിനു പിന്നാലെയാണ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത ഇന്നലെ റിപ്പോർട്ട് നൽകിയത്. നവീന് അനുകൂലമായ റിപ്പോർട്ടാണത്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാളിന് കൈമാറിയ റിപ്പോർട്ട്, സ്വന്തം കുറിപ്പോടുകൂടി ഇന്ന് റവന്യു മന്ത്രി കെ.രാജന് കൈമാറിയേക്കും. ആത്മഹത്യാപ്രേരണക്കേസിൽ പ്രതിയായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹർജിയിൽ 29നാണ് വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നവീൻബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവർത്തിച്ചു. പ്രോസിക്യൂഷനും പൊലീസും നവീൻബാബുവിന്റെ കുടുംബവും അതിനെ എതിർത്തു. ‘ദിവ്യ നടത്തിയത് വ്യക്തിഹത്യ. ഭീഷണി. മാദ്ധ്യമപ്രവർത്തകനെ കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ആസൂത്രിതം” – പ്രോസിക്യൂഷൻ വ്യക്തമാക്കി. പെട്രോൾപമ്പിന് നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എ.ഡി.എമ്മിനോട് വൈരാഗ്യം വരാൻ കാരണമെന്ന് കുടുംബ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ‘അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് ദിവ്യ പരസ്യ പ്രതികരണം നടത്തിയത്. പ്രതിക്ക് ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്.’-അതുകൂടി പരിഗണിച്ച് മുൻകൂ‌ർ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ‘ദിവ്യയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകളെയല്ല,​ അച്ഛന് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന,​ നവീൻബാബുവിന്റെ പെൺമക്കളെയാണ് കോടതി കാണേണ്ടതെ”ന്ന് ഓർമ്മിപ്പിച്ചാണ് പ്രോസിക്യൂഷൻ അതിനെ ഖണ്ഡിച്ചത്. പ്രോസിക്യൂഷനുവേണ്ടി

പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ,​ നവീൻബാബുവിന്റെ കുടുംബത്തിനു വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ജോൺ എസ്. റാൽഫ്,​ ദിവ്യയ്ക്കു വേണ്ടി അഭിഭാഷകൻ കെ. വിശ്വൻ എന്നിവരാണ് ഹാജരായത്. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

കോടതിയിലെ മറ്റു വാദപ്രതിവാദങ്ങൾ

പ്രോസിക്യൂഷൻ

1. യാത്രഅയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്

2.അഴിമതി ആരോപണം വേദിയിൽ ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടർ പറഞ്ഞിരുന്നു

3. പരാതിയുണ്ടെങ്കിൽ നൽകാൻ വിജിലൻസും പൊലീസ് സംവിധാനങ്ങളും ഉണ്ട്

4. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് വ്യക്തം

നവീന്റെ കുടുംബം

1.പെട്രോൾ പമ്പ് അനുമതി ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല

2. പമ്പ് ബിനാമി ഇടപാടാണ്. ദിവ്യയുടെ സാമ്പത്തിക താത്പര്യം അന്വേഷിക്കണം

3.ഉപഹാരം നൽകുന്ന സമയത്ത് ദിവ്യ എഴുന്നേറ്റുപോയത് അപമാനിക്കാൻ ഉദ്ദേശിച്ച്

പ്രതിഭാഗം

1.ദിവ്യ നിരവധി പുരസ്‌കാരങ്ങൾ കിട്ടിയ വ്യക്തി, 24 മണിക്കൂറും രാഷ്ട്രീയപ്രവർത്തക

2. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം

3.നവീൻ ബാബുവിനെതിരെ രണ്ടു പരാതി ദിവ്യയ്ക്ക് ലഭിച്ചിരുന്നു

4. കളക്ടർ അനൗപചാരികമായി യാത്രഅയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു

5. തന്നെക്കുറിച്ച് പറയുന്നത് തെറ്റെങ്കിൽ നവീൻ ബാബു പ്രതികരിക്കാത്തതെന്ത്?​

പ്രതി ഹാജരാകാൻ ഡിമാൻഡ്

ജാമ്യം ലഭിക്കുകയാണെങ്കിൽ ഇന്നുതന്നെ പൊലീസ് മുമ്പാകെ ദിവ്യ ഹാജരാകുമെന്ന് അഭിഭാഷകൻ. ഈ നിലപാട് കോടതിയോടുള്ള വെല്ലുവിളിയെന്ന് നിയമവിദഗ്ദ്ധർ. ദിവ്യ പുറത്തെവിടെയുമല്ല ഇവിടെത്തന്നെയുണ്ടെന്നാണ് അതിന്റെ അർത്ഥം. ദിവ്യയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ശ്രമിച്ചില്ലെന്ന ആരോപണം ശരിവയ്ക്കുന്നതാണിത്.

വകുപ്പുതല റിപ്പോർട്ട്

1. പമ്പിന് എൻ.ഒ.സി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

2. ഫയൽ നീക്കത്തിൽ എ.ഡി.എം ഒരുവിധ വീഴ്ചയും വരുത്തിയിട്ടില്ല

3. അപേക്ഷകനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്


Source link
Exit mobile version