തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാവുന്ന നവംബർ 13വരെ ഇളവ്.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. റിമാൻഡ് സമയത്ത് 29ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. സ്ഥാനാർഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടിയത്.പി.വി. അൻവറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ പേരിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രാഹുലിന് വേണ്ടി അഭിഭാഷകനായ മൃദുൽ ജോൺ മാത്യു ഹാജരായി.
Source link