KERALAMLATEST NEWS

ബ്രിക്സിന്റെ ജയം, ഇന്ത്യയുടെയും…

അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ആധിപത്യത്തിനെതിരേ ആശയപരമോ രാഷ്ട്രീയപരമോ അല്ലാത്ത രീതിയിൽ രൂപീകൃതമായ ഒരു കൂട്ടായ്മയുടെ മുന്നേറ്റവും വിപുലീകരണവുമാണ് ബ്രിക്‌സിലൂടെ സാദ്ധ്യമായിരിക്കുന്നത്. നാല് രാജ്യങ്ങൾ ചേർന്ന് തുടങ്ങിയ ഒരു കൂട്ടായ്മ പത്തിലേറെ അംഗങ്ങളും 40ലേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വലിയ ഗ്രൂപ്പായി മാറിയപ്പോൾ അമേരിക്കയുടെയും ഐ.എം.എഫ് അടക്കമുള്ള ലോകബാങ്കുകളുടെയും സാമ്പത്തിക ആധിപത്യത്തിനെതിരേയുള്ള വലിയ ചേരിയായി ബ്രിക്‌സ് മാറിയെന്നുവേണം കണക്കാക്കാൻ.

ബ്രിക്‌സിന്റെ വിപുലീകരണം

ആകസ്മികമായി ഉണ്ടായ ഒരു കൂട്ടായ്മയാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവർ ഒത്തുചേർന്ന് ബ്രിക് രാജ്യങ്ങളായത്. ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്സ്മാൻ സാക്സിലെ സാമ്പത്തിക വിദഗ്ദ്ധനായ ജിം ഒനീൽ 2001ൽ ഈ നാലു രാജ്യങ്ങൾ ചേർന്ന് ഒരു സാമ്പത്തിക ചേരിയായി മാറുമെന്നും അമേരിക്ക ഉൾപ്പെടെയുള്ള ആറ് പടിഞ്ഞാറൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ മറികടക്കുമെന്നും പ്രവചിച്ചിരുന്നു.

ആദ്യം ബ്രിക് എന്നുമാത്രമായി തുടങ്ങിയ ഗ്രൂപ്പിൽ 2006ൽ ദക്ഷിണാഫ്രിക്ക കൂടിചേർന്നതോടെ ബ്രിക്‌സ് ആയി മാറി. പിന്നീട് സൗദിഅറേബ്യ, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും പങ്കാളികളായി.

ഡീ ഡോളറൈസേഷൻ ലക്ഷ്യം

ലോക സാമ്പത്തിക രംഗത്തുണ്ടായ പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നതായിരുന്നു ആദ്യം ബ്രിക്‌സ് രാജ്യങ്ങൾ ആലോചിച്ചിരുന്നത്. പിന്നീടത് ബ്രിക്‌സ് ബാങ്ക് എന്നതിലേക്ക് മാറി. ഡീ ഡോളറൈസഷൻ എന്നതായിരുന്നു ഇതിലൂടെ ചൈന കൊണ്ടുവന്ന ലക്ഷ്യം. ഡോളറിന് പകരം ബ്രിക്‌സ് കറൻസി ഉണ്ടാകണമെന്നും നിർദ്ദേശമുയർന്നു. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് ഇത് ഉപയോഗിക്കണമെന്നായിരുന്നു ചൈനയുടെ നിലപാട്.

ഇതിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് എന്ന ഒരു ഗ്ലോബൽ കറൻസി പുറത്തിറക്കുന്നതിനുള്ള ഒരു ശുപാ‌ർശ മുന്നോട്ടുവെച്ചെങ്കിലും ഇന്ത്യയും റഷ്യയും അതിനെ പിന്തുണച്ചില്ല. ഇതേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. അതുകൊണ്ട് ഇത്തവണത്തെ ഉച്ചകോടിയിൽ ഈ വിഷയം പരിഗണിച്ചില്ല. അതേസമയം, ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് അതാതു രാജ്യത്തെ ലോക്കൽ കറൻസി ഉപയോഗിച്ചാൽ മതിയെന്ന് ധാരണയുണ്ടാക്കിയിട്ടുണ്ട്.

ബ്രിക്‌സിന്റെ സ്വാധീനം

അതിർത്തി വിഷയത്തിലാണെങ്കിലും സാമ്പത്തിക ശക്തിയാകാനുള്ള ശ്രമങ്ങളിലാണെങ്കിലും പരസ്പരം എതിരിടുന്ന രാജ്യങ്ങൾ തമ്മിൽ ഒത്തുചേർന്ന് ഒരു ഗ്രൂപ്പായി മുന്നോട്ടുപോകുന്നു എന്നതാണ് ബ്രിക്‌സ് ഉച്ചകോടിയുടെ മറ്റൊരു മേന്മ. ഉച്ചകോടിയുടെ ഫലമായി ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങളിൽ അനുരഞ്ജനത്തിന് നീക്കമുണ്ടായെന്ന് മാത്രമല്ല, ഇസ്രയേലും ഇറാനും തമ്മിലുള്ള വിഷയത്തിലും റഷ്യ- യുക്രെയിൻ വിഷയത്തിലും സമാധാനത്തിനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കും വലിയ സ്വീകാര്യതയുണ്ടായത് വലിയ നേട്ടമാണ്. എന്നിരുന്നാലും ഈ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിന് ഒരു നിർദ്ദേശവും ഉയർന്നുവന്നില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യ- ചൈന സേനാപിന്മാറ്റം

സാമ്പത്തികമായി ചില തിരിച്ചടികൾ ആഭ്യന്തര തലത്തിൽ ചൈനയ്ക്ക് നേരിടേണ്ടി വന്നെങ്കിലും ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നത്തിൽ ബ്രിക്സിന്റെ സ്വാധീനമാണ് അനുരഞ്ജനത്തിന് വഴിവെച്ചതെന്നാണ് കരുതുന്നത്. ഉച്ചകോടിയിൽ ഉയരുന്ന ചോദ്യങ്ങൾ എങ്ങനെനേരിടും എന്നതാണ് ചൈനയെ ചിന്തിപ്പിച്ചത്. അതുകൊണ്ടാണ് ഉച്ചകോടിക്ക് മുന്നോടിയായി സേനാ പിന്മാറ്റത്തിന് ധാരണയുണ്ടാക്കുകയും ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. അതേസമയം, ഇതിന്റെ തുടർനീക്കങ്ങൾ എങ്ങനെയാകുമെന്ന് ഇപ്പോൾ പറയാനാവില്ല.


Source link

Related Articles

Back to top button