എ.ഡി.എമ്മിന്റെ മരണം: അന്വേഷണം പ്രഹസനം, ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് സി.പി.എം സമ്മേളനങ്ങളിൽ വിമർശനം
# ആവർത്തിക്കാതിരിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് വഴിവച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി,പി.എമ്മും ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസ് അന്വേഷണം പ്രഹസനമായി തുടരുന്നതിൽ പ്രതിഷേധം വ്യാപകം.
ആത്മഹത്യാ പ്രേരണക്കുറ്റമായിട്ടും ദിവ്യയെ വിളിപ്പിക്കാനോ, ചോദ്യംചെയ്യാനോ കഴിയാത്ത വിധം പൊലീസിന് ആഭ്യന്തര വകുപ്പ് വിലങ്ങിട്ടെന്നാണ് വിമർശനം.
ദിവ്യയെ പൊലീസ് സംരക്ഷിക്കുകയും പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ
കുടുംബത്തിനൊപ്പമാണെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന കടുത്ത വിമർശനം ഇപ്പോൾ നടന്നുവരുന്ന സി.പി.എം ലോക്കൽ സമ്മേളനങ്ങളിലും ഉയരുന്നു. കണ്ണൂരിലെ ഒരു നേതാവിനുവേണ്ടി ഒരു പാർട്ടിക്കുടുംബത്തെ ഒന്നാകെ ബലികൊടുക്കുന്നത്
പാർട്ടിയുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്നും സമ്മേളന പ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, നവീൻ ബാബുവിന്റെ അകാല വിയോഗം അതീവ ദുഃഖകരമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.
നവീൻബാബുവിന്റെ വേർപാടുണ്ടായി ഒമ്പതുദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണത്തിന് തയ്യാറായത്.സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷികമായിരുന്നു വേദി.
ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്.അതിലെ തീർപ്പിന് കാത്തിരിക്കുകയാണ് പൊലീസ്. അപേക്ഷ തള്ളിയാൽ, ഹൈക്കോടതിയെയും വേണ്ടിവന്നാൽ സുപ്രീം കോടതിയെയും സമീപിക്കാൻ ദിവ്യയ്ക്ക് അവസരം ഒരുക്കാനാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറും ദിവ്യയ്ക്ക് സാവകാശം നൽകിയിരിക്കുകയാണ്.
ദിവ്യയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
അടുത്തിടെ എൽ.ഡി.എഫ് നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു.അതോടൊപ്പം, പാർട്ടിയിലും സി.പി.ഐയിലും ഉയരുന്ന പരസ്യ വിമർശനങ്ങൾ വിലക്കുകയും ചെയ്തിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് പാർട്ടി അവർക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സി.ഐയുടെ അന്വേഷണം
കണ്ണിൽ പൊടിയിടാൻ
1.ആത്മഹത്യാ പ്രേരണക്കുറ്റം എസ്.പിയോ,അതിനേക്കാൾ ഉയർന്ന റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥനോ ആണ് നിയമപ്രകാരം അന്വേഷിക്കേണ്ടത്.മരണം നടന്ന് ഒൻപത് ദിവസം കഴിഞ്ഞിട്ടും ടൗൺ സി.ഐയ്ക്കാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടർപോലും സംശയ
നിഴലിലായ കേസിൽ സി.ഐയുടെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പരിമിതിയുണ്ട്.
2. പെട്രോൾ പമ്പിന് എൻ.ഒ.സിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അപേക്ഷകനായ പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന പരാതി തയ്യാറാക്കിയത് സി.പി.എം സംസ്ഥാന സംഘടനാ സംവിധാനത്തിന്റെ ഭാഗമായ നേതാവാണെന്ന സൂചന പുറത്തുവന്നതും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.
ചില ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന നേതാവ് തിരുവനന്തപുരത്ത് പരാതി തയ്യാറാക്കി പ്രശാന്തന്റെ പേരെഴുതി വ്യാജ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറിയെന്നാണ് സൂചന.
നവീൻ ബാബുവിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ഇത് ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉണ്ടാവും.സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും കടമകൾ നിർവഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല
മുഖ്യമന്ത്രി പിണറായി വിജയൻ.
Source link