തിരുവനന്തപുരം: സ്വർണത്തിന് ചരിത്ര വില. ഇന്ന് സംസ്ഥാനത്ത് പവന് 300 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7340 രൂപയും ഒരു പവന് 58,720 രൂപയുമായി. ഇന്നത്തെ സ്വർണവില അനുസരിച്ച് ജുവലറിയിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ 60,000 രൂപയ്ക്കുമുകളിൽ കൊടുക്കേണ്ടിവരും. ഒരാഴ്ചകൊണ്ട് സ്വർണത്തിന് കൂടിയത് 1960 രൂപയാണ്.
തുലാം മാസം പിറന്നതോടെ വിവാഹ സീസൺ ആരംഭിച്ചിരിക്കുകയാണ്. വൃശ്ചികമാസത്തിൽ വിവാഹങ്ങളുടെ എണ്ണം ഏറെ കൂടും. മാത്രമല്ല ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സീസണായതിനാൽ സ്വർണത്തിന്റെ ആവശ്യവും ഏറെക്കൂടും. അതിനാൽ വരും ദിവസങ്ങളിലും സ്വർണവില ഉയരാനാണ് സാദ്ധ്യത. സമീപകാലത്തെങ്ങും സ്വർണവിലയിൽ സാധാരണക്കാർക്ക് ആശ്വസിക്കാൻ തക്ക ഒന്നും ഉണ്ടാവില്ലെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.. ഈ മാസം കഴിയാൻ ഇനിയും ഒരാഴ്ചയിലേറെ ബാക്കിയുണ്ട്. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ ഈ മാസം തന്നെ പവൻ വില 60,000 കടന്നേക്കും. ആഗോളതലത്തിലും സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുകയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് രണ്ടുരൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരുഗ്രാം വെള്ളിയുടെ വില ഇന്ന് 107 രൂപയാണ്. സ്വർണം, വെള്ളി വില കൂടുന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്.
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണ പർച്ചേസുമാണ് സ്വർണ വില ഉയരുന്നതിന് കാരണമായി. ആഗോള മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമായതോടെ വൻകിട ഫണ്ടുകൾ ഓഹരി, നാണയ വിപണികളിൽ നിന്നും പണം പിൻവലിച്ച് സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. അമേരിക്കൻ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തിലേക്ക് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതും വില ഉയർത്തുന്നു.പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതകളും സ്വർണത്തിന് അനുകൂലമാണ്.
ഇന്ത്യ, പോളണ്ട്, ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്.അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില 2,800 ഡോളർ കവിഞ്ഞേക്കും. ഇതോടെ ഇന്ത്യയിലെ സ്വർണ വിലയും കുതിച്ചുയർന്നേക്കും.
Source link