‘അച്ഛൻ അറിയാതെ അമ്മ വാങ്ങിയ കടം വീട്ടാൻ സിനിമയിലെത്തി’; നടൻ ആയ കഥ പറഞ്ഞ് സൂര്യ
തെന്നിന്ത്യയിൽ വലിയൊരു ആരാധകവൃന്ദം ഉള്ള നടനാണ് സൂര്യ. അച്ഛൻ തമിഴകത്ത് അറിയപ്പെടുന്ന നടൻ ആയിരുന്നെങ്കിലും സിനിമയിലേക്ക് വരണമെന്ന് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം. സ്വന്തമായി ഒരു ഗാർമന്റ് ഫാക്ടറി സ്വപ്നം കണ്ട ശരവണൻ ശിവകുമാർ എങ്ങനെ തെന്നിന്ത്യയുടെ ഹൃദയത്തുടിപ്പായ ‘സൂര്യ’ ആയി മാറിയതെന്ന് താരം വെളിപ്പെടുത്തി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
സൂര്യയുടെ വാക്കുകൾ: ഞാൻ ഗാർമെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്തു. ആദ്യത്തെ 15 ദിവസം ഞാൻ ഒരു ട്രെയിനി ആയിരുന്നു. ആ 15 ദിവസത്തെ എന്റെ ശമ്പളം 750 രൂപ. ആദ്യത്തെ ആറുമാസം ഞാൻ ഒരു നടന്റെ മകനാണെന്ന് അവർക്കറിയില്ലായിരുന്നു. അന്ന് 1200 രൂപയായിരുന്നു എന്റെ മാസശമ്പളം. ഏകദേശം മൂന്ന് വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തു. അപ്പോഴേക്കും എന്റെ ശമ്പളം 8,000 രൂപയായി ഉയർത്തിയിരുന്നു.
സൂര്യ
വീട്ടിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഒരു ദിവസം പ്രാതൽ വിളമ്പുമ്പോൾ അമ്മ എന്നോട് പറഞ്ഞു. ‘ഞാൻ 25,000 രൂപ കടം വാങ്ങി, നിന്റെ അച്ഛന് അറിയില്ല’. ഞാൻ ഞെട്ടിപ്പോയി. അമ്മ എന്താണ് ഈ പറയുന്നത്? അച്ഛൻ ഒരു നടനാണ്. നിങ്ങൾക്ക് 25,000 രൂപ കടം വാങ്ങാൻ കഴിയില്ല! അമ്മയുടെ സമ്പാദ്യം എവിടെ പോയി? നമ്മുടെ ബാങ്ക് ബാലൻസ് എന്താണ് എന്നെല്ലാം ഞാൻ ചോദിച്ചു. ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിൽ കൂടുതലായിട്ടില്ല എന്നായിരുന്നു അമ്മയുടെ മറുപടി.
അച്ഛൻ എപ്പോഴും അങ്ങനെയായിരുന്നു, അദ്ദേഹം ഒരിക്കലും തന്റെ ശമ്പളം ചോദിച്ച് വാങ്ങിയില്ല. നിർമ്മാതാക്കൾ പേയ്‌മെന്റ് ക്ലിയർ ചെയ്യുന്നതുവരെ അദ്ദേഹം കാത്തിരിക്കും. അച്ഛൻ അധികം സിനിമകളോ പ്രൊജക്റ്റുകളോ ചെയ്യാത്ത സമയം കൂടിയായിരുന്നു അത്. അഭിനയത്തിൽ നിന്ന് ഏകദേശം 10 മാസത്തെ ഇടവേള എടുത്തിരുന്നു. അമ്മ 25,000 രൂപയുടെ കടം വീട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ടത് എന്നെ വല്ലാതെ ബാധിച്ചു. ഞാൻ സ്വയം ചിന്തിച്ചു, ഞാൻ എന്താണ് ചെയ്യുന്നത്?
സൂര്യയും ജ്യോതികയും കാർത്തിയും
ആ നിമിഷം വരെ, സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ അച്ഛൻ ഒരു കോടി രൂപയെങ്കിലും ഫാക്ടറിയിൽ നിക്ഷേപിക്കുമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനുള്ള അനുഭവപരിചയം ലഭിക്കാൻ വേണ്ടിയായിരുന്നു ഞാൻ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. പക്ഷേ അമ്മയുമായുള്ള ആ സംഭാഷണം എല്ലാം മാറ്റിമറിച്ചു.
അച്ഛൻ നടൻ ആയതിനാൽ തന്നെ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനോ ക്യാമറയിൽ മുഖം കാണിക്കാനോ ആഗ്രഹിച്ചിരുന്നില്ല. ക്യാമറയെ അഭിമുഖീകരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പോലും, ഞാൻ ഇത് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ പണത്തിന് വേണ്ടിയാണ് ഈ ഇൻഡസ്ട്രിയിൽ വന്നത്. അമ്മയുടെ കടം വീട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ ഈ രംഗത്തേക്ക് വന്നത്. അങ്ങനെയാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്, അങ്ങനെയാണ് ഞാൻ സൂര്യയായത്.
“ഞാൻ എന്റെ ആദ്യ ഷോട്ട് എടുക്കുമ്പോൾ, ആയിരക്കണക്കിന് ആളുകൾ സെറ്റിലുണ്ടായിരുന്നു. അവർക്ക് ഞാൻ ആരാണെന്ന് ഒരു സൂചനയും ഇല്ലായിരുന്നു, എന്നിട്ടും, എന്റെ ഷോട്ടിന് ശേഷം, അവർ കയ്യടിക്കുന്നതു ഞാൻ കേട്ടു. അന്നുമുതൽ എനിക്ക് നിരുപാധികമായ സ്നേഹം ലഭിക്കുന്നു. തലമുറകൾ മാറി കാണും, പ്രേക്ഷകരും! പക്ഷേ, ആ സ്നേഹത്തിനു മാറ്റമില്ല. അതുകൊണ്ട് അവർക്കു വേണ്ടിയാണ് ഞാൻ സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ, 49ാം വയസ്സിലും ഞാൻ സിക്സ് പാക്ക് ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്,” സൂര്യ പറഞ്ഞു.
1997ൽ പുറത്തിറങ്ങിയ നേറുക്ക് നേർ എന്ന ചിത്രത്തിലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. വിജയ്, സിമ്രൻ എന്നിവർക്കൊപ്പമായിരുന്നു സൂര്യയുടെ അരങ്ങേറ്റ ചിത്രം. വസന്ത് എഴുതി സംവിധാനം ചെയ്ത ചിത്രം മണിരത്നമാണ് നിർമിച്ചത്. പിന്നീട്, സൂര്യയ്ക്ക് സിനിമയിൽ തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കങ്കുവ എന്ന പാൻ ഇന്ത്യൻ ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Source link