പാലക്കാട്: പി വി അൻവർ എംഎൽഎ പാലക്കാട്ട് നടത്തിയ റോഡ് ഷോയിൽ കൂലിക്ക് ആളിനെ എത്തിച്ചെന്ന ആക്ഷേപം ശക്തം. ചില വാർത്താചാനലുകളാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. സിനിമാ ഷൂട്ടിംഗിന് പാേകുന്നവരാണ് തങ്ങളെന്നും ഏജന്റാണ് പ്രകടനത്തിന് വരാൻ വിളിച്ചതെന്നും റോഡ് ഷോയിൽ പങ്കെടുത്ത ചില സ്ത്രീകൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് റോഡ് ഷോയിൽ അണിനിരന്നത്. ഇതിൽ പലർക്കും അൻവർ ആരെന്ന് അറിയില്ലെന്നതാണ് സത്യം.
‘കൊടുവായൂരിൽ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിംഗിനൊക്കെ ഞങ്ങൾ പോകും. ഞങ്ങൾ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയുടെ ഷൂട്ടിംഗിന് പോയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് അല്ല. നമ്മള് വേറെ ഏജന്റ് വിളിച്ചിട്ടുവന്നതാ. നസീമ എന്നുപറയുന്ന ഏജന്റാണ് വിളിച്ചത്. നങ്ങള് പതിനഞ്ചുപേർ വന്നിട്ടുണ്ട്. എത്രരൂപ തരുമെന്ന് പറഞ്ഞിട്ടില്ല. അത് തരുമ്പഴേ അറിയുളളൂ. ഞങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ടുമണിക്കാണ് എത്തിയത്. ഒപ്പമുള്ളവരാണ് പിന്നാലെയുള്ളത്’- ശക്തിപ്രകടനത്തിനെത്തിയ ഒരു സ്ത്രീ പറയുന്നു. സിനിമാ ഷൂട്ടിംഗിന് പോകുമ്പോൾ ഒരുദിവസം 500 മുതൽ 600 രൂപവരെ ലഭിക്കുമെന്നാണ് പ്രകടനത്തിനെത്തിയ മറ്റൊരു സ്ത്രീ പറയുന്നത്. ഇവർ പറയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിഹാസം ശക്തമായതോടെ മറുപടിയുമായി പിവി അൻവർ രംഗത്തെത്തി. ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള) റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറയുന്നത്. ഇതിനുപിന്നിൽ സിപിഎം ആണ്. ഒരാളെയും പണം കൊടുത്ത് എത്തിച്ചിട്ടില്ല’- അൻവർ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു.അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നുമാണ് പി വി അൻവർ പറയുന്നത്. എന്നാൽ ചേലക്കരയിൽ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നാണ് അൻവർ പറയുന്നത്.
ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച അൻവർ യുഡിഎഫിനോട് അടുക്കാൻ ശ്രമിച്ചെങ്കിലും ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നതടക്കമുള്ള ഉപാദികൾ മുന്നോട്ടുവച്ചതോടെ യുഡിഎഫ് അൻവറിനായി തുറന്നിട്ട വാതിലുകൾ അടയ്ക്കുകയായിരുന്നു. ഇനി ഒരുതരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കിയത്. എന്നാൽ തനിക്ക് എത്രത്തോളം ശക്തിയുണ്ടശന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാവും എന്നാണ് അൻവർ പറയുന്നത്.
Source link