തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം (കടൽച്ചുഴലി). ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്‌തംഭം ഉണ്ടായത്. ഇത് അരമണിക്കൂറോളം തുടർന്നിരുന്നു. ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് വിലയിരുത്തൽ. നേരത്തെ ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖി ഉൾപ്പെടെയുള്ള ചുഴലിക്കാറ്റ് ഉണ്ടായത്.
കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ് ജലസ്‌തംഭം. കടലിലും വളരെ വിസ്‌തൃതമായ ജലാശയങ്ങളിലുമാണ് ഇത് ഉണ്ടാകുന്നത്. മഴമേഘങ്ങൾ കടലിനോട് ചേരുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. തുടർന്ന് മേഘങ്ങളുടെ ശക്തിയാൽ തിരമാലകളുടെ ഉയരത്തിൽ ആഞ്ഞടിക്കും. കാർമേഘങ്ങൾ താഴ്‌ന്ന് രൂപപ്പെടുന്നതിനാൽ ജലസ്‌തംഭം ഉണ്ടാവുമ്പോൾ പ്രദേശമാകെ ഇരുട്ടിലാവുകയും ചെയ്യുന്നു. തെക്കൻ കേരളത്തിലെ മീൻപിടിത്തക്കാർ ഈ പ്രതിഭാസത്തെ ‘അത്തക്കടൽ ഏറ്റം’ എന്നാണ് വിളിക്കുന്നത്.
Source link