‘അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ഞാൻ, കൂടുതൽ നന്നാകണമെന്ന് ഉപദേശിക്കുകയായിരുന്നു’: കോടതിയിൽ ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. അഭിഭാഷകനായ കെ വിശ്വൻ മുഖേനെയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി നൽകിയത്.
അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്നും നവീനെതിരെ രണ്ട് പരാതികൾ ലഭിച്ചെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. ഭൂമി പ്രശ്നത്തിൽ ഗംഗാധരനും പരാതി നൽകി. പരാതി ലഭിച്ചാൽ മിണ്ടാതിരിക്കണോ? തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ എഡിഎം നവീൻ ബാബു ഇടപെട്ടെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. നവീൻബാബുവിനെതിരെ ഗംഗാധരൻ നൽകിയ പരാതി കോടതിയിൽ പ്രതിഭാഗം വായിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം.
നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണിൽ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.യാത്രയയപ്പുചടങ്ങിനിടെയുള്ള ദിവ്യയുടെ വിവാദ പ്രസംഗം കോടതിയിൽ വാദിക്കുകയും ചെയ്തു. താൻ പറഞ്ഞത് ആത്മഹത്യാ പ്രേരണ അല്ലെന്നും കൂടുതൽ നന്നാകണമെന്ന് ഉപേദേശിക്കുകയായിരുന്നു എന്നുമായിരുന്നു ദിവ്യയുടെ വാദം.
അതേസമയം, പിപി ദിവ്യയുടെ ഒളിവു ജീവിതം ഒരാഴ്ച പിന്നിട്ടു. ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്.എന്നിട്ടും ദിവ്യയെ ഒരാഴ്ച അറസ്റ്റിൽ നിന്ന് സംരക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടിൽ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല.ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭർത്താവ് അജിത്തും പറയുന്നത്.
കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോർട്ടില് ദിവ്യ ഒളിവിൽ കഴിയുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
പൊലീസിന്റെ കൺമുന്നിലൂടെ ഒളിയിടത്തിലേക്ക്
15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കാണുന്നത്. അന്നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസിൽ പ്രതി ചേർത്തത്. തുടർന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. കേസ് അന്വേഷിക്കുന്ന ടൗൺ സ്റ്റേഷന് നൂറുമീറ്റർ മാത്രം ദൂരെ റെയിൽവേ സ്റ്റേഷന് കിഴക്കേ കവാടത്തിന് അരികിൽ രഹസ്യമായി എത്തിയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് രാജിക്കത്ത് കൈമാറിയത്. അവിടെ നിന്ന് നേരെ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ, കീഴടങ്ങാൻ പദ്ധതിയുണ്ടെങ്കിൽ പാർട്ടി കാവലിൽ ദിവ്യയെ രഹസ്യമായി കോടതിയിലെത്തിക്കാനാണ് സാധ്യത.
ദിവ്യയുടെ ഇരിണാവിലുള്ള വീട്ടിലേക്ക് നടന്ന പ്രതിപക്ഷ പ്രതിഷേധം നേരിടാൻ പാർട്ടി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ദിവ്യയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനും പാർട്ടി തന്നെയാണ് മുൻകൈ എടുത്തത്. മുൻകൂർ ജാമ്യഹർജി തലശേരി കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കാൻ പൊലീസിന് ആദ്യമേ കണ്ണൂർപാർട്ടിയുടെ നിർദ്ദേശമുണ്ടായിരുന്നു.
Source link