KERALAMLATEST NEWS

ദിവ്യ നടത്തിയത് വ്യക്തിഹത്യ; ചെയ്‌തത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി കളക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ‌ സെഷൻസ് കോടതിയിൽ വാദം തുടരുകയാണ്.

ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഭിഭാഷകനായ കെ വിശ്വൻ മുഖേനെയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി നൽകിയത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്നും നവീനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണിൽ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. താൻ പറഞ്ഞത് ആത്മഹത്യാ പ്രേരണ അല്ലെന്നും കൂടുതൽ നന്നാകണമെന്ന് ഉപേദേശിക്കുകയായിരുന്നു എന്നുമായിരുന്നു വാദം.

കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ കേസിൽ ദിവ്യ ഒന്നാം പ്രതിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടിൽ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്.


Source link

Related Articles

Back to top button